ലഖ്നൗ: കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരായ പോരാട്ടമാണ് രാജ്യത്തുടനീളം ആചരിക്കുന്ന 'ജനതാ കർഫ്യൂ' എന്നും വൈറസ് വ്യാപനത്തെ പരാജയപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം സാമൂഹിക അകലമാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

"ജനതാ കർഫ്യൂ ഇന്ന് രാജ്യത്തുടനീളം ആചരിക്കുകയാണ്. കൊറോണ വൈറസിനെതിരായ യുദ്ധമാണിത്. ഈ മഹാമാരിയെ പരാജയപ്പെടുത്താനും അതിന്റെ വ്യാപനം തടയാനുമുള്ള ഏറ്റവും നല്ല മാർഗ്ഗം സാമൂഹിക അകലമാണ്,"യോ​ഗി ആദിത്യനാഥ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കൊവിഡ് -19 നെ നേരിടാൻ ആവശ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി.

ദിവസ വേതനക്കാർക്കും നിർമാണത്തൊഴിലാളികൾക്കും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സംസ്ഥാന സർക്കാർ പ്രതിദിനം 1,000 രൂപ വച്ച് നൽകുമെന്ന് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. 5 ലക്ഷം കൂലിത്തൊഴിലാളികള്‍ക്കും 20 ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്കുമാണ് സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കുക. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത്. ലേബര്‍ വകുപ്പ് മുഖേനയാകും പണം വിതരണം ചെയ്യുക.

ഉത്തര്‍ പ്രദേശിലെ എല്ലാ മാളുകളും അടച്ചിടാനും ആദിത്യനാഥ് നിര്‍ദേശം നൽകിയിരുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങള്‍ വൃത്തിയാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ലഖ്‌നൗ, നോയിഡ, കാണ്‍പൂര്‍ എന്നീ നഗരങ്ങളാണ് വൃത്തിയാക്കുക.