Asianet News MalayalamAsianet News Malayalam

Yogi to Contest From Gorakhpur : യുപിയിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി, യോഗി ഗൊരഖ്പൂരിൽ

അതേസമയം അയോധ്യയിൽ നിന്നും മത്സരിക്കാൻ യോഗിക്ക് മേൽ ശക്തമായ സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ ശക്തികേന്ദ്രമായ ഗൊരഖ്പൂർ കൈവിട്ട് പുതിയൊരു മണ്ഡലത്തിലേക്ക് മാറാനില്ലെന്ന നിലപാട് യോഗി സ്വീകരിച്ചുവെന്നാണ് വിവരം

Yogi Adityanath to contest from Gorakhpur
Author
Uttar Pradesh West, First Published Jan 15, 2022, 4:59 PM IST

ദില്ലി: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് യുപി തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നു. അയോധ്യയിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തട്ടകമായ ഗൊരഖ്പൂരിൽ തന്നെ വീണ്ടും ജനവിധി തേടും എന്ന് വ്യക്തമായി. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ പ്രയാഗ് രാജിലെ സിറാത്തു മണ്ഡലത്തിൽ നിന്നും ജനവിധി തേടും. 

403 അംഗ ഉത്തർപ്രദേശ് നിയമസഭയിലെ 107 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് ബിജെപി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ ഈ 107 സീറ്റുകളിൽ 83 എണ്ണത്തിലും ബിജെപി ജയിച്ചിരുന്നു. ഇവരിൽ 63 പേർക്ക് വീണ്ടും അവസരം നൽകിയപ്പോൾ 20 മണ്ഡലങ്ങളിൽ പുതുമുഖങ്ങളാണ് മത്സരിക്കാൻ എത്തുന്നത്. ആദ്യഘട്ട സ്ഥാനാർത്ഥിപട്ടികയിൽ 44 പേർ ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്.. 19 പേർ പിന്നാക്ക വിഭാഗക്കാരും. പത്ത് വനിതകളും മത്സരരംഗത്തുണ്ട്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ തന്നെയാണ് യോഗി ജനവിധി തേടുന്നത്. നേരത്തെ അഞ്ച് തവണ ഗൊരഖ്പൂരിൽ നിന്നും യോഗി ലോക്സഭയിലേക്ക് ജയിച്ചിരുന്നു. 

അതേസമയം അയോധ്യയിൽ നിന്നും മത്സരിക്കാൻ യോഗിക്ക് മേൽ ശക്തമായ സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ ശക്തികേന്ദ്രമായ ഗൊരഖ്പൂർ കൈവിട്ട് പുതിയൊരു മണ്ഡലത്തിലേക്ക് മാറാനില്ലെന്ന നിലപാട് യോഗി സ്വീകരിച്ചുവെന്നാണ് വിവരം. എന്നാൽ ഈ വാർത്ത യുപിയുടെചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ നിഷേധിച്ചു. ഗൊരഖ്പൂരിൽ മത്സരിക്കാൻ അവസരമൊരുക്കിയതിന് പ്രധാനമന്ത്രി മോദിക്കും പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡക്കും ബിജെപി കേന്ദ്രകമ്മിറ്റിക്കും യോഗി നന്ദി രേഖപ്പെടുത്തി. 

ഉത്തർപ്രദേശിൽ പതിനൊന്ന് ജില്ലകളിലെ 58 സീറ്റുകളിലാണ് നിലവിൽ നാമനിർദ്ദേശപത്രിക സ്വീകരിച്ചു തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് മന്ത്രിമാരടക്കം 14  എംഎൽഎമാർ മുന്നണി വിട്ടത് ബിജെപിക്ക് ക്ഷീണമായിരുന്നു. ഇതു നല്കിയ തിരിച്ചടി മറികടക്കാനാണ് ബിജെപി നീക്കം. പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും മുമ്പ് പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ യോഗി ആദിത്യനാഥിന് കേന്ദ്രനേതൃത്വം നിർദ്ദേശം നല്കി. 

ഗൊരഖ്പൂരിൽ ഒരു ദളിത് കുടുംബത്തിൻറെ വീട്ടിലെത്തി ഭക്ഷണം കഴിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പാർട്ടി വിട്ടവരെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.  കുടുംബവാഴ്ചയിൽ വിശ്വസിക്കുന്നവർക്ക്  ആർക്കും നീതി ഉറപ്പാക്കാൻ കഴിയില്ല എന്നായിരുന്നു യോഗിയുടെ പ്രതികരണം

ബിജെപിക്കെതിരെ ചെറിയ പാർട്ടികളെ എല്ലാം ഉൾപ്പെടുത്തി വിശാല സഖ്യത്തിനാണ് അഖിലേഷ് യാദവ് തയ്യാറെടുക്കുന്നത്. ഇതിനെതിരെ ബിജെപി മുതിർന്ന നേതാക്കളെ എല്ലാ രംഗത്തിറക്കാനാണ് ആലോചിക്കുന്നത്. യോഗി ആദിത്യനാഥിനൊപ്പം കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ്മ എന്നിവരും മത്സരിക്കുന്നുണ്ട്. ഇതിനിടെ മകനു സീറ്റു നല്കിയില്ലെങ്കിൽ പാർട്ടി വിടും എന്ന സൂചന കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ റീത്ത ബഹുഗുണ ജോഷി എംപിയും നല്കിയെന്ന റിപ്പോർട്ടുണ്ട്.  എന്തായാലും ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള നടപടി തുടങ്ങുമ്പോൾ ബിജെപിയോട് ഇഞ്ചോടിഞ്ച് മത്സരത്തിനുള്ള സാഹചര്യം ഒരുക്കാൻ അഖിലേഷ് യാദവിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

Follow Us:
Download App:
  • android
  • ios