ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നാളെ സന്ദര്‍ശിക്കും. വൈകിട്ട് കളക്ടറേറ്റില്‍ വെച്ചു നടക്കുന്ന  പ്രസ് കോണ്‍ഫറന്‍സിലും അദ്ദേഹം പങ്കെടുക്കും. 

മിര്‍സാപൂരില്‍ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെയ്പ്പില്‍ പത്തു പേരാണ് കൊല്ലപ്പെട്ടത്. 24 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കഴിഞ്ഞ ദിവസം പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തിരുന്നു.

സംഘർഷഭരിതമായ സോൻഭദ്രയിലെത്തിയ പ്രിയങ്കയെ പൊലീസ് തടഞ്ഞതിനെത്തുടർന്ന് 24 മണിക്കൂറോളം അവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുടുംബാംഗങ്ങളെ നേരില്‍ കണ്ടതിന് ശേഷമാണ് പ്രിയങ്ക ഗാന്ധി പ്രതിഷേധം അവസാനിപ്പിച്ച് തിരികെ മടങ്ങിയത്.