ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗവണ്‍മെന്‍റ് സ്കൂളുകളില്‍ യൂണിഫോമിനായി ഖാദി തുണി ഉപയോഗിക്കണമെന്ന് യോഗി ആദിത്യനാഥ്.  ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കായിരിക്കും ഖാദികൊണ്ടുള്ള സ്കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കുക. കുട്ടികളെ ഖാദിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് പുതിയ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി അനുപമ ജെയ്സ്വാള്‍ പറഞ്ഞു.

സംസ്ഥാനത്തെ നാല് ജില്ലകളിലെ ഓരോ ബ്ലോക്കില്‍ വീതമായിരിക്കും പദ്ധതി ആദ്യം നടപ്പിലാക്കുക. നല്ല പ്രതികരണമാണ് ലഭിക്കുന്നതെങ്കില്‍ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് ബ്രൗണ്‍ കളറിലുള്ള ട്രൗസറും പിങ്ക് ഷര്‍ട്ടും പെണ്‍കുട്ടികള്‍ക്ക് ബ്രൗണ്‍ കളറിലുള്ള പാവാടയും പിങ്ക് കളറിലുള്ള ടോപ്പുമാണ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം.