ലക്നൗ: പുറത്തിറങ്ങാനോ മാധ്യമങ്ങളോട് സംസാരിക്കാനോ അനുവദിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി ഹാഥ്റസ് പെൺകുട്ടിയുടെ ബന്ധു. ഇവരുടെ ​ഗ്രാമത്തിൽ ആളുകൾ കൂട്ടം കൂടുന്നതും കർശനമായി വിലക്കിയിരിക്കുകയാണെന്നും അയാൾ കൂട്ടിച്ചേർത്തു. രാവിലെ കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത ഒരാൾ മാധ്യമങ്ങളോട് സംസാരിക്കാനായി പുറത്തെത്തിയിരുന്നു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടതായും പിന്നീട് മൊബൈൽ ഫോൺ അവരിൽ നിന്നും പിടിച്ചെടുത്തതായും അയാൾ പറഞ്ഞു. ​ഗ്രാമകവാടത്തിൽ  നിൽക്കുന്ന മാധ്യമങ്ങളെ കാണാൻ കൃഷിസ്ഥലത്തിലൂടെയാണ് ഇയാൾ പുറത്തെത്തിയത്. 

'അവർ ‍ഞങ്ങളുടെ ഫോണുകൾ പിടിച്ചെടുത്തു. മാധ്യമങ്ങളോട് സംസാരിക്കാൻ കുടുംബമാണ് എന്നെ ഇങ്ങോട്ട് അയച്ചത്. ഞാൻ വയലിലൂടെയാണ് ഇവിടേയ്ക്ക് എത്തിയത്. പുറത്തുകടക്കാൻ അവർ അനുവദിക്കുന്നില്ല. ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്.' കുടുംബാം​ഗം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ ഇവിടേയ്ക്ക് വരികയും അയാൾ പെട്ടെന്ന് അവിടെ നിന്ന് പോകുകയും ചെയ്തു. എന്തിനാണ് കുടുംബത്തെ തടഞ്ഞു വച്ചിരിക്കുന്നതെന്ന ചോദ്യത്തിന് പൊലീസ് ഉദ്യോ​ഗസ്ഥൻ നിശ്ശബ്ദത പാലിക്കുകയാണ് ചെയ്തത്. ഹാഥ്റസ് ​ഗ്രാമത്തിനുള്ളിൽ മാധ്യമങ്ങൾ പ്രവേശിക്കുന്നത് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് കർശനമായി വിലക്കിയിരിക്കുകയാണ്. 

'സംഭവത്തെക്കുറിച്ച് രാജ്യത്തിന് മുന്നിൽ ചില പ്രധാന വസ്തുതകൾ മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. യോ​ഗിയുടെ ജം​ഗിൾ രാജിനെക്കുറിച്ചും മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ മാധ്യമങ്ങളെ ഇവിടെ നിരോധിച്ചിരിക്കുകയാണ്.' കോൺ​ഗ്രസ് ട്വീറ്റ് ചെയ്തു. ദില്ലിയിലെ സഫ്ദർജം​ഗ് ആശുപത്രിയിൽ വച്ചാണ് ഹാഥ്റസ് പെൺകുട്ടി മരിച്ചത്.