ദില്ലി: ദില്ലി കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം പി കപില്‍ സിബല്‍. രാജ്യസഭയിലെ ചര്‍ച്ചയിലാണ് കപില്‍ സിബല്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.  മനുഷ്യരുടെ സുരക്ഷക്കല്ല, പശുക്കളുടെ സുരക്ഷക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് സിബല്‍ പറഞ്ഞു. ദില്ലി കലാപം ആസൂത്രിതമായിരുന്നെന്നും പാവങ്ങളെ ശിക്ഷിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയുമാണെന്നും കപില്‍ സിബല്‍ ആരോപിച്ചു. 

ബിജെപി നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തിയത് കുറ്റകൃത്യമാണെന്നറിഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ല. കേസെടുക്കാന്‍ പറ്റിയ സമയമല്ലെന്നാണ് നിങ്ങളുടെ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞത്. ദയവായി ആ നിയമം എനിക്കൊന്നു പഠിപ്പിച്ചു തരൂവെന്നും സിബല്‍ പരിഹസിച്ചു. ജമ്മു കശ്മീരില്‍ നേതാക്കളെ വീട്ട് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെയും സിബല്‍ ചോദ്യം ചെയ്തു. ദില്ലിയില്‍ കലാപം നടക്കുമ്പോള്‍ എങ്ങനെയാണ് ആഭ്യന്തര മന്ത്രിക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസം കഴിഞ്ഞാണ് പ്രതികരിച്ചത്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇരുന്ന കസേരയിലാണ് അമിത് ഷാ ഇരിക്കുന്നത്. ആ കസേരയെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ബാലാക്കോട്ട് സര്‍ജിക്കല്‍ സ്ട്രൈക്ക് ശരിയായിരുന്നു. പക്ഷേ എന്തിനാണ് സ്വന്തം ജനങ്ങള്‍ക്കുനേരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുന്നത്. നിങ്ങളുടെ മറുപടി ഞങ്ങള്‍ക്കറിയാം. ചരിത്രം തപ്പിനോക്കി കോണ്‍ഗ്രസ് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്ന് നിങ്ങള്‍ പറയും.  പക്ഷേ കലാപത്തെക്കുറിച്ച് മാത്രം ഒന്നും പറയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.  അതേസമയം, കലാപസമയത്ത് ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസിന്‍റേത് മാതൃകാ നടപടിയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.