Asianet News MalayalamAsianet News Malayalam

'മോദി ജി, നിങ്ങൾക്ക് ശ്രമിക്കാം, പക്ഷേ സത്യത്തെ തുറുങ്കിലടയ്ക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കില്ല': രാഹുൽ

ഇന്നലെ രാത്രി പാലൻപൂർ സർക്യൂട്ട് ഹൗസിൽ വച്ചാണ് ഗുജറാത്ത് എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്

You Can Never, Rahul Gandhi against PM Modi on Jignesh Mevani Arrest
Author
New Delhi, First Published Apr 21, 2022, 7:48 PM IST

ദില്ലി: ഗുജറാത്ത് എം എൽ എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അർദ്ധരാത്രിയിലെത്തി അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി. 'മോദിജി, ഭരണകൂട സംവിധാനത്തെ ദുരുപയോഗം ചെയ്ത് നിങ്ങൾക്ക് വിയോജിപ്പുകളെ തകർക്കാൻ ശ്രമിക്കാം, എന്നാൽ നിങ്ങൾക്ക് ഒരിക്കലും സത്യത്തെ തുറുങ്കിലടയ്ക്കാനാകില്ല' എന്നായിരുന്നു രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

 

അതേസമയം ഇന്നലെ രാത്രി പാലൻപൂർ സർക്യൂട്ട് ഹൗസിൽ വച്ചാണ് ഗുജറാത്ത് എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. എന്താണ് അറസ്റ്റിന് കാരണമെന്ന് വ്യക്തമാക്കുകയോ എഫ്ഐആർ നൽകുകയോ ചെയ്യാതെയായിരുന്നു അറസ്റ്റ്. അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്.

ഗുജറാത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എത്തുന്ന ദിവസമായിരുന്നു അറസ്റ്റ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്. മുംബൈയിൽ വിമാനമിറങ്ങിയ ബോറിസ് ജോൺസൺ ശേഷം ഗുജറാത്തിലെത്തുകയായിരുന്നു. വൻവരവേൽപ്പാണ് അവിടെ ബോറിസ് ജോൺസണ് ഒരുക്കിയിരുന്നത്. വ്യവസായപ്രമുഖരടക്കമുള്ളവരുമായി ബോറിസ് ജോൺസൺ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനിടയിലാണ് ജിഗ്നേഷ് മേവാനിയെ അസം പൊലീസെത്തി അറസ്റ്റ് ചെയ്യുന്നത്. അഹമ്മദാബാദിലേക്ക് ഇന്നലെ രാത്രി തന്നെ മേവാനിയെ കൊണ്ടുവന്നിട്ടുണ്ട്.

2021 സെപ്റ്റംബറിൽ ജിഗ്നേഷ് മേവാനി കോൺഗ്രസിന് തന്‍റെ തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദി ഭരണകൂടത്തെ ശക്തമായി വിമർശിച്ചിരുന്ന മേവാനി, ദളിത് അധികാർ മഞ്ച് എന്ന പേരിലുള്ള രാഷ്ട്രീയപാർട്ടിയുടെ കൺവീനർ കൂടിയാണ്. മേവാനിയുടെ ചില ട്വീറ്റുകൾ ഈയിടെ, കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു.

ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മേവാനി. മാധ്യമപ്രവർത്തകനായിരുന്ന മേവാനി, പിന്നീട് അഭിഭാഷകവൃത്തിയിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും തിരിഞ്ഞു. സ്വതന്ത്ര എം എൽ എയാണെങ്കിലും പിന്നീട് മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ജെഎൻയുവിലെ വിദ്യാർത്ഥിനേതാവായിരുന്ന കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇതേ വാർത്താസമ്മേളനത്തിൽ തന്നെ ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നില്ലെങ്കിലും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് മേവാനി പറഞ്ഞിരുന്നു.

 

Follow Us:
Download App:
  • android
  • ios