ദില്ലി: പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ ആൾക്കൂട്ടം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് യുവ ഡോക്ടർ. ദില്ലിയിലെ ഷഹീൻ ബാ​ഗിൽ സംഘടിപ്പിച്ച സിഎഎ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ വയോധികനുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഒരുസംഘം ആളുകളെത്തി തന്നെ ഭീഷണിപ്പെടുത്തുകയും പ്രദേശത്തുനിന്ന് പോകാനും ​ആവശ്യപ്പെട്ടെന്ന് ജയ്പൂരിൽനിന്നുള്ള ആയുർവേദ ഡോക്ടർ ദീപ ശർമ്മ പറഞ്ഞു.

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ ഷഹീൻ ബാ​ഗിൽ ഒരുകൂട്ടം യുവാക്കൾ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു വയോധികൻ. അതുവഴി പോകുന്നതിടെയായിരുന്നു യുവാക്കൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വയോധികൻ തന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിഎഎയ്ക്കെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് എന്താണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടെന്ന് അറിയാൻ താൻ അദ്ദേഹവുമായി സംസാരിച്ചു. ഇതിനിടെ ഒരുകൂട്ടം പ്രതിഷേധക്കാരെത്തി തന്റെ ഫോണും ബാ​ഗും തട്ടിപ്പറിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് ദീപ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

വയോധികനുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ അനുവാദത്തോടെ താൻ മൊബൈലിൽ പകർത്തുകയായിരുന്നു. എന്താണ് പ്രതിഷേധത്തിൽ പങ്കെടുക്കാനുള്ള കാരണം, എന്നായിരുന്നു താൻ അദ്ദേഹത്തോട് ചോദിച്ചിരുന്നത്. ഇതിന് മറുപടിയായി, തങ്ങളുടെ പക്കൽനിന്നും രേഖകൾ ആവശ്യപ്പെടുമെന്നും അതിനുശേഷം നമ്മളെ രാജ്യത്തുനിന്നും പുറത്താക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ, സി‌എ‌എ ഇന്ത്യയിലെ മുസ്‌ലിംകൾക്കോ ഹിന്ദുക്കൾക്കോ ​​വേണ്ടിയല്ലെന്നായിരുന്നു അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാൻ താൻ ശ്രമിച്ചത്. സിഎഎ എന്താണെന്നോ അതിന്റെ മുഴുവൻ വാക്ക് എന്താണെന്നോ അദ്ദേ​ഹത്തിന് അറിയില്ലായിരുന്നുവെന്നും ദീപ പറഞ്ഞു.

വയോധികനുമായി സംസാരിക്കുന്നതിനിടെ ഏകദേശം മുപ്പതോളം പേരാണ് തനിക്ക് ചുറ്റും കൂടിനിന്നത്. ആൾക്കൂട്ടം തന്നെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങിയതോടെ സഹായത്തിനായി കൂടിനിന്നവരോട് അഭ്യർഥിച്ചിരുന്നു. എന്നാൽ സ്ത്രീകൾ ഉൾപ്പടെ ആരുംതന്നെ സഹായിക്കാൻ എത്തിയില്ല. തുടർന്ന് ജീവനുംകൊണ്ട് താൻ ഷഹീൻ ബാ​ഗിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു. എന്നാൽ, പ്രതിഷേധക്കാർ തന്നെ പിന്തുടരുകയും മൊബൈലിൽ പകർത്തിയ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തതായി യുവതി ആരോപിച്ചു.

ഇതിന് പിന്നാലെ മെട്രോ സ്റ്റേഷന് സമീപത്തെ ബോട്ടാണിക്കൽ ​ഗാർഡനിൽവച്ച് സംഭവത്തെക്കുറിച്ച് യുവതി ലൈവ് വീഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പൊലീസിന് പരാതി നൽകി സമയം കളയാൻ വയ്യെന്നും പിന്നെ പേടിയുള്ളതുകൊണ്ടുമാണ് താന് ഇതുപോലൊരു വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതെന്നും യുവതി പറഞ്ഞു. പ്രദേശത്തെ സിസിടിവി പരിശോധിച്ചാൽ തനിക്കെന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും.

തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. പ്രതിഷേധകാർക്കെതിരെ പരാതി കൊടുക്കാൻ കുടുംബത്തിലുള്ളവർ വിസമ്മതിച്ചതായും യുവതി വ്യക്തമാക്കി. നേരത്തെ ബിജെപിയെയും പൗരത്വ ബില്ലിനെയും പിന്തുണച്ച് ദീപ ശർമ്മ രംഗത്തെത്തിയിരുന്നു. ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളിൽ സിഎഎയും എൻആർസിയെയും പിന്തുണച്ചുള്ള പോസ്റ്റുകളും ദീപ പങ്കുവച്ചിട്ടുണ്ട്.