കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും യുവാവും ഹോംസ്റ്റേയിൽ മുറിയെടുത്തത്. മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും ഇരുവരെയും കണ്ടില്ല. വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയപ്പോൾ യുവതിയെ മരിച്ച നിലയിലും യുവാവിനെ അബോധാവസ്ഥയിലുമാണ് കണ്ടെത്തിയത്.
ബെംഗളൂരു: ഹോംസ്റ്റേയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയോടൊപ്പമുണ്ടായിരുന്ന യുവാവിനെ ഇതേ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലെ നന്തി ഹിൽസിന് അടുത്തുള്ള ഹോംസ്റ്റേയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും ഹോംസ്റ്റേയിൽ മുറിയെടുത്തത്. മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും തിങ്കളാഴ്ച ഇരുവരെയും കണ്ടില്ല. പരിശോധിച്ചപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയപ്പോൾ യുവതിയെ മരിച്ച നിലയിലും യുവാവിനെ അബോധാവസ്ഥയിലുമാണ് കണ്ടെത്തിയത്.
ഫിസിയോ തെറാപ്പിസ്റ്റായ സായ് സുരഭിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിന്‍റെ പേര് സഞ്ജീത് അലി എന്നാണ്. ഇയാൾ എഞ്ചിനീയർ ആണ്. സംഭവ സ്ഥലത്തു നിന്ന് ഒരു കയറും ചില ഗുളികകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരും വിഷം കഴിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിന്‍റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ ഇത് വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
സഞ്ജീത് അലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചതാണോ അതോ ഇരുവരും ഒരുമിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചതാണോ എന്നെല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്. ചിക്കബല്ലാപുര ജില്ലാ പൊലീസ് സൂപ്രണ്ട് കുശാൽ ചൗക്സി ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. മരിച്ച യുവതിയും സഞ്ജീത് അലിയും ഏറെ നാളായി പ്രണയത്തിലായിരുന്നു എന്നാണ് വിവരം. എന്നാൽ ഇവരുടെ ബന്ധത്തെ ഇരു കുടുംബങ്ങളും ശക്തമായി എതിർത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
