ചണ്ഡിഗഡ്: സർക്കാർ ​ജോലിക്കിടയിലെ വ്യക്തി സുരക്ഷ വിഷയം ചൂണ്ടിക്കാണിച്ച് യുവ ഐഎഎസ് ഉദ്യോഗസ്ഥ രാജി വച്ചു. 2014 ബാച്ചിലെ ഹരിയാന കേഡറിലെ ഉദ്യോഗസ്ഥയായ റാണി നഗറാണ് രാജി വച്ചത്. പുരാവസ്തു വകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥയാണ് റാണി. സാമൂഹിക നീതി വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ കൂടിയാണ് റാണി. അടുത്തിടെ  ലോക്ക്ഡൌണ്‍ പിന്‍വലിച്ചതിന് പിന്നാലെ രാജി സമര്‍പ്പിക്കുമെന്ന് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. ഹരിയാന ചീഫ്​ സെക്രട്ടറി കേശാനി ആനന്ദ്​ അറോറക്കാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥ​ രാജി സമർപ്പിച്ചത്. 

2018 ജൂണിൽ മുതിർന്ന ഐഎഎസ്​ ഉദ്യോഗസ്​ഥനെതിരെ പീഡന പരാതി നൽകിയിരുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ റാണിയുടെ രാജി ഹരിയാന സര്‍ക്കാരിനെതിരായുള്ള രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. തൊഴിലിടം സുരക്ഷിതമല്ലെന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതി സര്‍ക്കാരിനെതിരെയാണ്. സംഭവം ഞെട്ടിക്കുന്നതാണെന്നും കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിംഗ് സുര്‍ജെവാലെ പ്രതികരിച്ചു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് സംസ്ഥാനത്തെ സാഹചര്യം സുരക്ഷിതമായി തോന്നുന്നില്ല എങ്കില്‍ മറ്റാര്‍ക്കാണ് സുരക്ഷിതമായി തോന്നുകയെന്ന് സുര്‍ജെവാല ചോദിച്ചു. ഇത് നിങ്ങളുടെ വിശ്വാസ്യത തകര്‍ന്നതായല്ല മറിച്ച് നിങ്ങളുടെ പരാജയത്തിന്‍റെ തെളിവാണെന്ന് സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു. 

2018 ജൂണില്‍ റാണി ഉയര്‍ത്തിയ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പുള്ളതായി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തന്‍റെയും ഒപ്പമുള്ള സഹോദരിയുടേയും ജീവന് ഭീഷണിയുണ്ടെന്ന് ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തങ്ങള്‍ക്ക് അപകടം പറ്റിയാല്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും റാണി ഫേസ്ബുക്കില്‍ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു. തന്‍റെ പരാതിയില്‍ കൃത്യമായി അന്വേഷണം നടത്തിയില്ലെന്നായിരുന്നു റാണി നിരന്തരം പരാതിപ്പെട്ടിരുന്നത്.