മുംബൈ: ലോക്ക് ഡൗണിനിടെ നടത്തിയ വാഹനപരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ പൊലീസുകാരനെ 50 മീറ്റര്‍ റോഡിലൂടെ വലിച്ചിഴച്ച് ബൈക്ക് യാത്രികന്‍. മുംബൈയിലെ വാദിബന്ധറിലാണ് സംഭവം. ബൈക്ക് യാത്രികനായ ഷെയ്ഖ് നെയിമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 40കാരനായ അസിസ്റ്റന്റ്‌റ് പൊലീസ് ഇന്‍സ്‌പെക്ടറായ വിജേന്ദ്ര ധുറത്തിനെയാണ് യുവാവ് ആക്രമിച്ചത്. വാഹനങ്ങള്‍ സ്‌ക്രീനില്‍ നിരീക്ഷിക്കുകയായിരുന്നു പൊലീസുകാരന്‍. ഇതിനിടെ ഷെയ്ഖ് ഓടിച്ചിരുന്ന  ബൈക്ക് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ നോക്കിയ ഷെയ്ഖിനെ തടയാന്‍ ശ്രമിച്ച പൊലീസുകാരന്‍ ബൈക്കില്‍ കുടുങ്ങി.  

തുടര്‍ന്ന് ഇയാള്‍ പൊലീസുകാരനെ 50 മീറ്ററോളം ബൈക്കില്‍ വലിച്ചിഴച്ചു. പരിക്കേറ്റ പൊലീസുകാരനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പൊലീസ് ഇന്‍സ്‌പെക്ടര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അറസ്റ്റിലായ ഷെയ്ഖ് നെയിമിനെതിരെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയും കേസ് രജിസ്റ്റര്‍ ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു..