പട്‌ന: വൻ സുരക്ഷാസന്നാഹത്തോടുകൂടിയാണ് ബിഹാറിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾ ഇത്തവണ പരീക്ഷ എഴുതിയത്. കോപ്പിയടി തടയുന്നതിനായി ഇലക്ട്രോണിക് ഉപകരണങ്ങളടക്കം ഉപയോ​ഗിച്ച് പരിശോധന നടത്തിയതിനുശേഷമായിരുന്നു വിദ്യാർത്ഥികളെ പരീക്ഷ ഹാളിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, ഈ സുരക്ഷാക്രമീകരണങ്ങളെല്ലാം മറികടന്ന് വിദ്യാർഥിനിയെ കോപ്പിയടിക്കാൻ സഹായിച്ച കാമുകൻ പിടിയിലായിരിക്കുകയാണ്. ബിഹാറിലെ അർവാൽ ജില്ലയിലെ ഒരു സ്കൂളിലാണ് സംഭവം.

പരീക്ഷ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ ക്യാമറമാനാണെന്ന വ്യാജേനയാണ് നരേഷ് എന്ന യുവാവ് പരീക്ഷ ഹാളില്‍ കയറിക്കൂടിയത്. പരീക്ഷാകേന്ദ്രത്തില്‍ പരിശോധനയ്‌ക്കെത്തിയ ഫ്‌ളൈയിങ് സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. ഇതിനുമുമ്പും നരേഷ് പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. യുവാവിനെ പൊലീസിന് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെ, അര്‍വാലിലെ ഉമൈറാബാദ് ഹൈസ്കൂൾ, കിജാർ ഹൈസ്കൂൾ, എസ്എസ്എസ്ജിഎസ് അർവാൾ സ്‌കൂൾ എന്നീ സ്കൂളുകളിൽനിന്നായി കോപ്പിയടിച്ച ഏഴ് വിദ്യാര്‍ഥികളെ പിടികൂടിയതായി ഫ്‌ളൈയിങ് സ്‌ക്വാഡ് അറിയിച്ചു. ഇതില്‍ നാലുപേര്‍ പെണ്‍കുട്ടികളാണ്. മുന്‍വർഷങ്ങളിലെ പരീക്ഷ കോപ്പിയടി വലിയ വാര്‍ത്തയായതോടെയാണ് ബിഹാറില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയത്.

2015ല്‍ പരീക്ഷ സെന്ററുകളിലെ ചുമരിലൂടെ വലിഞ്ഞുകയറി വിദ്യാർഥികളെ കോപ്പിടയിക്കാന്‍ സഹായിക്കുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും  ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയിരുന്നു. 2016ലെ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാർക്ക് നേടി സംസ്ഥാനത്തെ ടോപ്പർ ആയിരുന്ന വിദ്യാർഥിനിയുടെ പരീക്ഷ പേപ്പറില്‍ ഉത്തരങ്ങള്‍ക്ക് പകരം സിനിമകളുടെ പേരായിരുന്നു ഉണ്ടായിരുന്നത് എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടക്കുന്ന സ്‌കൂളുകളുടെ പരിസരത്ത് ഇത്തവണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ വിദ്യാര്‍ഥികളല്ലാതെ ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദമില്ല. പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികളെ ദേഹപരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്.