മോഹിത്തിനെയും സഹോദരനെയും വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും പൊലീസ് പിടിച്ചെടുത്തു. അപകടരമായ രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ചതുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സഹോദരങ്ങൾക്കെതിരെ കേസെടുത്തത്.
ഗുരുഗ്രാം: ഹരിയാനയിൽ ഓടിക്കൊണ്ടിരിക്കുന്ന മഹീന്ദ്ര ഥാർ ജീപ്പിൽ നിന്നും നടുറോഡിലേക്ക് മൂത്രമൊഴിച്ച് യുവാവാവും സഹോദരനും അറസ്റ്റിൽ. ഗുരുഗ്രാമിലെ സദർ ബസാർ പ്രദേശത്താണ് ഥാർ ജീപ്പിന്‍റെ മുന്നിലെ ഡോർ തുറന്ന് യുവാവ് റോഡിലേക്ക് പരസ്യമായി മൂത്രമൊഴിച്ചത്. മറ്റ് വാഹനങ്ങളും യാത്രക്കാരും കാൺകെയായിരുന്നു യുവാവിന്‍റെ പ്രവൃത്തി. സംഭവത്തിൽ ഹരിയാനയിലെ ജജ്ജാർ സ്വദേശികളായ സഹോദരന്മാർക്കെതിരെ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. 23 കാരൻ മോഹിത്ത്, സഹോദരൻ 25 കാരനായ അനുജ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. മോഹിത്ത് ആണ് വാഹനം ഓടിച്ചിരുന്നത്. സദർ ബസാർ പ്രദേശത്ത് വെച്ച് പെട്ടന്ന് കോ പാസഞ്ചർ സീറ്റിലിരുന്ന അനുജ് ഥാറിന്‍റെ ഡോർ തുറന്നു, പിന്നീട് എഴുന്നേറ്റ് നിന്ന് ഡോറിലേക്ക് ഒരു കാൽ ചവിട്ടി നടുറോഡിലേക്ക് മൂത്രമൊവിക്കുകയായിരുന്നു. ഇവരുടെ പിന്നിലുണ്ടായിരുന്ന കാറിലെ യാത്രക്കാർ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഗുരുഗ്രാം പൊലീസ് യുവാക്കൾക്കെതിരെ കേസെടുത്തത്.
വാഹനത്തിന്‍റെ നമ്പർ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഹിത്തും അനുജും കുടുങ്ങിയത്. അന്വേഷണത്തിൽ വാഹനമോടച്ചിരുന്നത് മോഹിത്താണെന്ന് കണ്ടെത്തി. പിന്നാലെ മോഹിത്തിനെയും സഹോദരനെയും വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വാഹനവും പൊലീസ് പിടിച്ചെടുത്തു. അപകടരമായ രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ചതുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സഹോദരങ്ങൾക്കെതിരെ കേസെടുത്തതെന്ന് ഗുരുഗ്രാം പൊലീസ് വക്താവ് സന്ദീപ് കുമാർ പറഞ്ഞു. പിടിയിലായ മോഹിത്ത് രാജസ്ഥാനിലെ ഝജ്ജാറിൽ ഒരു കൊലപാതകക്കേസിലും രണ്ട് കൂട്ടക്കൊലക്കേസുകളിലും, ഹരിയാനയിലെ റോഹ്തക്കിൽ ആയുധ നിയമപ്രകാരമുള്ള ഒരു കേസിലും പ്രതിയാണ്.


