തർക്കം രൂക്ഷമായതോടെ അതിഥികൾ പരസ്പരം പ്ലേറ്റുകൾ എറിഞ്ഞു. സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേൽക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ആഗ്ര: രസ​ഗുളയെച്ചൊല്ലി വിവാഹപ്പന്തലിൽ വിരുന്നിനെത്തിയവരുടെ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സംഭവത്തിൽ കുത്തേറ്റ് വിവാഹത്തിനെത്തിയ അതിഥി കൊല്ലപ്പെട്ടു. നഗരത്തിലെ എത്മാദ്പൂർ മേഖലയിലാണ് സംഭവം. തർക്കം രൂക്ഷമായതോടെ അതിഥികൾ പരസ്പരം പ്ലേറ്റുകൾ എറിഞ്ഞു. സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേൽക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. എത്മാദ്പൂരിലെ ഖണ്ഡോളിയിൽ പിതാവ് രണ്ട് ആൺമക്കളെ വിവാഹച്ചടങ്ങ് ഒരുമിച്ച് നടത്തുകയായിരുന്നു. സമീപത്തെ വിനായക് ഭവനിൽ വച്ചായിരുന്നു ചടങ്ങുകൾ. ഇതിനിടയിൽ, മധുരപലഹാരം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ ഇരുകൂട്ടരും പരസ്പരം പ്ലേറ്റുകൾ എറിയാൻ തുടങ്ങി. സ്പൂണും കത്തിയും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയും ചെയ്തു. ഇനിതിനിടെയിലാണ് ഒരാൾക്ക് കുത്തേറ്റത്. 20കാരനായ സണ്ണി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി എസ്പി (റൂറൽ) സത്യജീത് ഗുപ്ത പറഞ്ഞു. സാമ്പിളുകളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. സണ്ണിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. 

കേരളത്തിൽ ഹരിപ്പാട് സമാന സംഭവമുണ്ടായിരുന്നു. കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്നതിന്റെ പേരില്‍ കൂട്ടത്തല്ലുണ്ടായി. മൂന്നുപേര്‍ക്ക് പരിക്കുപറ്റി. സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസ് കേസ് എടുത്തു. ഹരിപ്പാടിന് അടുത്ത് മുട്ടത്താണ് വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചത്. ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് കൂട്ടത്തല്ല് നടന്നത്. വരന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്പുന്നവര്‍ ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെയാണാ് പ്രശ്നം ആരംഭിച്ചത്. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്ന് കരീലക്കുളങ്ങര പൊലീസ് പറയുന്നു.