Asianet News MalayalamAsianet News Malayalam

കൊലപാതകം, സംഘർഷം; ദക്ഷിണ കന്നഡയിൽ നിരോധനാജ്ഞ നീട്ടി

മംഗ്ലൂരു നഗരപരിധിയിൽ തിങ്കളാഴ്ച വരെ നിരോധനാജ്ഞ തുടരും. അതിർത്തി മേഖലകളിൽ കർശന പരിശോധനയാണ്. സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്.

 Youth murder Section 144 extended  in Dakshina Kannada district
Author
First Published Jul 29, 2022, 11:56 PM IST

മംഗ്ലൂരു: സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ കന്നഡയിൽ നിരോധനാജ്ഞ അടുത്ത മാസം ആറ് വരെ നീട്ടി. മംഗ്ലൂരു നഗരപരിധിയിൽ തിങ്കളാഴ്ച വരെ നിരോധനാജ്ഞ തുടരും. അതിർത്തി മേഖലകളിൽ കർശന പരിശോധനയാണ്. സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. അതേസമയം, യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ എൻഐഎയ്ക്ക് കൈമാറാൻ കർണാടക സർക്കാർ തീരുമാനിച്ചു. പ്രതികളുടെ കേരളാ ബന്ധം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് വ്യക്തമാക്കിയിരുന്നു. അതേസമയം സൂറത്കലിൽ വെട്ടേറ്റുമരിച്ച ഫാസിലിന്റെ കൊലപാതകത്തിൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ള 13 പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ കൊലപാതത്തെ തുടർന്ന് പ്രദേശത്ത് സംഘർഷ സാധ്യത നിലനിന്നിരുന്നു. നിരോധനാജ്ഞയടക്കം പ്രഖ്യാപിച്ചിട്ടും രണ്ടാമത്തെ ദാരുണ സംഭവവും ഉണ്ടായി. മുഖം മൂടി അണിഞ്ഞ് വെളുത്ത് ഹ്യൂണ്ടായ് കാറിലെത്തിയ നാലംഗ സംഘമാണ് ഇന്നലെ രാത്രി ഫാസിലിനെ വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സൂറത്കല്‍ പള്ളിയിൽ നടന്ന ഫാസിലിൻ്റെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ വന്‍ ജനകൂട്ടമാണ് എത്തിയത്. ഫാസിലിനെ കൊലപ്പെടുത്തിയവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക പ്രവര്‍ത്തകരുമായി അടുപ്പമുള്ള ആളായിരുന്നു 23 കാരനായ ഫാസില്‍. 

സംഘർഷ സാധ്യത കണക്കിലെടുത്ത് മംഗളൂരുവിലെ നിരോധനാജ്ഞ അടുത്ത മാസം ആറ് വരെ നീട്ടിയിട്ടുണ്ട്. സൂരത്ത്ക്കൽ, മുൽക്കി, ബജ്‌പെ, പനമ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. കേരള അതിർത്തികളിൽ പരിശോധന വർധിപ്പിച്ചതായി കമ്മീഷ്ണർ അറിയിച്ചു. രാത്രി 10 മണിക്ക് ശേഷം അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളൂ. മറ്റ് വാഹനങ്ങൾ പിടിച്ചെടുക്കാനാണ് നിർദ്ദേശം. 

കൊലപാതകം,സംഘർഷം:ദക്ഷിണ കന്നഡയിൽ കൂടുതൽ ഇടങ്ങളിൽ നിരോധനാജ്ഞ,കൊലപാതകക്കേസുകളിൽ അന്വേഷണം ഊർജിതം

വടക്കൻ കേരളത്തിൽ കടുത്ത ജാഗ്രതാ നിർദേശം

മംഗളൂരുവിലെ സൂറത്കലിൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ വടക്കൻ കേരളത്തിൽ കടുത്ത ജാഗ്രതാ നിർദേശം. കൂടുതൽ പൊലീസിനെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ വിന്ന്യസിച്ചു. അതിർത്തി മേഖലകളിൽ കർശന പരിശോധന നടക്കുകയാണ്. 

Follow Us:
Download App:
  • android
  • ios