ദില്ലി: ടിക് ടോക് ചെയ്യാൻ ഐഫോൺ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ദില്ലിയിലെ പ്രീത് വിഹാറിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ഗൗതമബുദ്ധ നഗര്‍ സ്വദേശിയായ ജതിന്‍ നാഗറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദില്ലിയിലെ ഒരു യുവാവ് ഓൺലെൻ വഴി ഐഫോൺ വിൽപ്പനയ്ക്ക് വയ്ക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജതിൻ 80,000 രൂപക്ക് ഫോണിന്‍റെ വില്പന ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രീത് വിഹാറിൽ വച്ച് ഇരുവരും ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് കാണാൻ തീരുമാനിച്ചു. ഇരുവരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജതിന്‍ ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ജതിന്‍റെ പക്കൽ നിന്നും പൊലീസ് ഐഫോൺ കണ്ടെടുത്തിട്ടുണ്ട്.  ടിക് ടോക്ക് ചെയ്ത് പണമുണ്ടാക്കാനാണ് ഫോൺ തട്ടിപ്പറിച്ചതെന്ന് ജതിന്‍ പൊലീസിനോട് പറഞ്ഞു. കൂടുതൽ വ്യക്തതയോടെ ആപ്പിൾ ഫോണിൽ വീഡിയോ ചെയ്യാൻ സാധിക്കുമെന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.