പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഗൗരവിനെ മണിക്കൂറുകളോളം കസ്റ്റഡിയിലെടുത്തെങ്കിലും ശനിയാഴ്ച രാത്രി തന്നെ വിട്ടയച്ചു. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ഗൗരവ് തനേജ തയ്യാറായിട്ടില്ല
നോയിഡ: ഫ്ലൈയിംഗ് ബീസ്റ്റ് എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ (Youtuber) ഗൗരവ് തനേജയ്ക്ക് ( Gaurav Taneja) ജാമ്യം ലഭിച്ചു. ശനിയാഴ്ച രാത്രി നോയിഡയിലെ മെട്രോ സ്റ്റേഷനിൽ അദ്ദേഹവും ഭാര്യ റിതു രഥിയും സംഘടിപ്പിച്ച ജന്മദിന പാർട്ടിയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. നോയിഡ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നൂറുകണക്കിനാളുകൾ സ്ഥലത്തെത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് മെട്രോ സ്റ്റേഷനില്‍ സംഘര്‍ഷം ഉണ്ടായതോടെയാണ് നോയിഡ പൊലീസ് ഗൗരവിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി വൈകിയാണ് ജാമ്യം ലഭിച്ചത്.
നോയിഡ സെക്ടർ 49 പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ പറയുന്നത് ഇതാണ്, “ശനിയാഴ്‌ച വൈകുന്നേരം അക്വാ ലൈനിന്റെ സെക്ടർ 51 മെട്രോ സ്‌റ്റേഷനിൽ നടന്ന ജന്മദിനാഘോഷമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. തുടർന്ന് ഗൗരവ് തനേജയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി സ്‌റ്റേഷനിലെത്തിച്ച അറസ്റ്റ് ചെയ്ത് രാത്രി വൈകി ജാമ്യത്തിൽ വിട്ടയച്ചു. ഇയാള്‍ക്കെതിരെ അന്വേഷണങ്ങൾ നടക്കുകയാണ്”
പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഗൗരവിനെ മണിക്കൂറുകളോളം കസ്റ്റഡിയിലെടുത്തെങ്കിലും ശനിയാഴ്ച രാത്രി തന്നെ വിട്ടയച്ചു. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ഗൗരവ് തനേജ തയ്യാറായിട്ടില്ല. ശനിയാഴ്ച രാത്രി വൈകി ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ കേക്ക് മുറിക്കുന്നതിന്റെയും അനുയായികൾക്ക് നന്ദി പറയുന്നതിന്റെയും ഒരു വീഡിയോ ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം നോയിഡ മെട്രോയുടെ സെക്ടർ 51 മെട്രോ സ്റ്റേഷനിൽ വെച്ച് ഗൗരവും ഭാര്യയും അദ്ദേഹത്തിന് ജന്മദിന പാർട്ടി ആസൂത്രണം ചെയ്തിരുന്നു. അവർ അതിനായി നോയിഡ മെട്രോയിൽ നിന്ന് അനുമതി വാങ്ങി, ഒരു മുഴുവൻ വണ്ടിയും ബുക്ക് ചെയ്യുകയും 200 അതിഥികൾക്ക് ക്ഷണവും ഉണ്ടായിരുന്നു. എന്നിരുന്നാലും, റിതു ഇൻസ്റ്റാഗ്രാമിൽ പാർട്ടി പ്രഖ്യാപിച്ച ഒരു പോസ്റ്റ് ഷെയർ ചെയ്തതിന് പിന്നാലെ നിരവധി പേർ സ്റ്റേഷനിലേക്ക് എത്തി.
വ്ലോഗർ കൂടിയായ റിതു രതീ തനേജ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഹിന്ദിയിലും ഇംഗ്ലീഷിലും ഇങ്ങനെ എഴുതിയിരുന്നു, "ഗൗരവിന്റെ ജന്മദിനാഘോഷത്തിനായി എന്‍എംആര്‍സിയില്‍ നടക്കുന്ന പാര്‍ട്ടിയില്‍ ക്ഷണിക്കപ്പെട്ട അതിഥികളാണ് ഉണ്ടാകുക. എന്നാൽ ഞങ്ങൾ എല്ലാവരേയും ഉറപ്പായും കാണും. എല്ലാം ഞാൻ ഒറ്റയ്ക്കാണ് ചെയ്യുന്നത്, എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ എന്നോട് ക്ഷമിക്കൂ, സുഹൃത്തുക്കളേ, നിങ്ങളുടെ സ്നേഹം അയയ്ക്കുന്നത് തുടരുക."
എന്നാല്‍ നോയിഡ മെട്രോ സ്‌റ്റേഷനിലേക്ക് ആളുകള്‍ ഒഴുകിയെത്തിയപ്പോള്‍ തിക്കിലും തിരക്കിലും പെട്ട് മെട്രോ സ്റ്റേഷന് റോഡിൽ വലിയ സ്തംഭനമുണ്ടാക്കിയപ്പോൾ നോയിഡ പോലീസ് സംഭവം അറിയുന്നത്. ഗൗരവിനെ ആദ്യം കസ്റ്റഡിയിലെടുക്കുകയും പിന്നീട് സിആര്‍പിസി സെക്ഷൻ 144 പ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരെ എഫ്‌ഐആറും ഫയൽ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 188, 341 വകുപ്പുകൾ പ്രകാരമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് നോയിഡ പോലീസ് ഉദ്യോഗസ്ഥർ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്.
