സൈഡസ് കാഡില വാക്സീന്‍റെ അപേക്ഷ സജീവ പരിഗണനയിലാണ്. വാക്സീന് അടിയന്തര ഉപയോഗാനുമതി ഈയാഴ്ച നല്‍കിയേക്കും എന്നാണ് വിവരം.
ദില്ലി: പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവർക്കായി സൈഡസ് കാഡില വികസിപ്പിച്ച വാക്സീന്‍റെ അടിയന്തര അനുമതിക്കുള്ള അപേക്ഷ വിദഗ്ധസമിതി ഈ ആഴ്ച്ച പരിഗണിക്കും. അംഗീകാരം കിട്ടിയാല്‍ രാജ്യത്ത് വിതരണം ചെയ്യുന്ന അഞ്ചാമത്തെ വാക്സീനാകും സൈക്കോവ് ഡി. ജൂലൈ ഒന്നിനാണ് സൈക്കോവ് – ഡി എന്ന വാക്സീന്‍റെ അനുമതിക്കായി സൈഡസ് കാഡില ഡ്രഗ്സ് കൺട്രോളർ ജനറലിനെ സമീപിച്ചത്. പന്ത്രണ്ട് വയസ്സിനു മുകളിലുള്ള കുട്ടികളിലടക്കം അടിയന്തരമായി ഉപയോഗിക്കാനുള്ള അനുമതിക്കായാണ് കമ്പനി അപേക്ഷ നൽകിയത്.
28000 പേരിൽ നടത്തിയ പരീക്ഷണത്തിന്‍റെ വിവരങ്ങൾ ഇതിനായി സമർപ്പിച്ചിരുന്നു. ഈ വിവിരങ്ങൾ ഡിസിജിഐയുടെ വിദഗ്ധ സമിതി ഈ ആഴ്ച്ച പരിഗണിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. മൂന്നാംഘട്ട പരീക്ഷണത്തിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികളിൽ വാക്സീൻ സുരക്ഷിതമാണ് എന്ന് തെളിഞ്ഞതായാണ് കമ്പനിയുടെ അവകാശ വാദം. അനുമതി ലഭിച്ചാൽ സെപ്റ്റംബറിനുള്ളിൽ വാക്സീൻ ലഭ്യമാകും. പ്രതിവർഷം 12 കോടി വാക്സീൻ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൂന്ന് ഡോസ് വാക്സീൻ ആണ് സൈഡസ് കാഡില പുറത്തിറക്കുന്നത്.
സൈഡസ് കാഡിലയ്ക്ക് പുറമെ ഭാരത് ബയോടെക്കിന്‍റെ കൊവാക്സീനും ഇപ്പോൾ കുട്ടികളിലെ പരീക്ഷണം തുടങ്ങി. അതേസമയം രാജ്യത്തെ വാക്സീനേഷന്‍റെ വേഗത കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ വാക്സീൻ നയം നിലവിൽ വന്നതിന് ശേഷം വാക്സിനേഷൻ തോതിൽ 45.6 ശതമാനത്തിന്‍റെ കുറവ് സംഭവിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം രാജ്യത്ത് ഒരു ദിവസത്തിനിടെ 37154 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 724 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 2.59 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
