ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആക്രമണങ്ങൾ ഉണ്ടാവുന്നത് തടയാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 500 സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി ബെംഗളൂരു സിറ്റി പൊലീസ്. ബ്രിഗേഡ് റോഡ്, എംജി റോഡ്, യുബി സിറ്റി, സെന്റ് മാർക്സ് റോഡ്, മ്യൂസിയം റോഡ്, റെസിഡൻസി റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്.

ഈ ഭാഗങ്ങളിലുള്ള വാണിജ്യസ്ഥാപനങ്ങളോട് നിർബന്ധമായും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഡിസംബർ 31 രാത്രി മുതൽ സർക്കാരിന്റെ ഹൊയ്സാല വാഹനങ്ങൾ നഗരത്തിൽ പട്രോളിങ് നടത്തുകയും ചെയ്യും. 

മുൻവർഷങ്ങളിൽ പുതുവത്സരാഘോഷത്തിനിടെ എംജി റോഡിലെ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേർക്ക് പരിക്കേറ്റിരുന്നു. സ്‌ത്രീകൾക്കെതിരെയുള്ള അക്രമസംഭവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതു തടയുന്നതിനും ആക്രമണം നടത്തുന്നവരെ പിടികൂടുന്നതിനുമായാണ് സിസിടിവികൾ സ്ഥാപിക്കുന്നതെന്ന് സിറ്റി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.