കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു വാഹനാപകടങ്ങളാണ് ഭോപ്പാലിലെ സുഭാഷ് നഗര്‍ റെയില്‍വെ ഓവര്‍ ബ്രിഡ്ജിലുണ്ടായത്

ഭോപാൽ: 90 ഡിഗ്രി വളോടുകൂടി അസാധാരണായ രീതിയിൽ മേൽപ്പാലം നിര്‍മിച്ച സംഭവത്തിന് പിന്നിലെ മധ്യപ്രദേശിലെ ഭോപ്പാലിലെ പാമ്പു കിടക്കുന്നതു പോലെ അപകടകരമായ രീതിയിൽ വളവുകളോടെയുള്ള പാലവും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു വാഹനാപകടങ്ങളാണ് ഭോപ്പാലിലെ സുഭാഷ് നഗര്‍ റെയില്‍വെ ഓവര്‍ ബ്രിഡ്ജിലുണ്ടായത്. 

പാമ്പു കിടക്കുന്നതിന് സമാനമായി വളഞ്ഞുപുളഞ്ഞുള്ള പാലത്തിൽ അശാസ്ത്രീയമായി ഡിവൈഡറുകള്‍ സ്ഥാപിച്ചത് അപകടസാധ്യത കൂട്ടുകയാണെന്നാണ് ആരോപണം. ഒരു വളവ് കഴിഞ്ഞ ഉടനെ തന്നെ എതിര്‍ദിശയിൽ മറ്റൊരു വളവുള്ളതും അപകടസാധ്യത ഉയര്‍ത്തുന്നു. വളഞ്ഞുള്ള പാലത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പ് 40 കോടി ചിലവിലാണ് സുഭാഷ് നഗര്‍ റെയില്‍വെ മേൽപ്പാലം നിര്‍മിച്ചത്. ഭോപ്പാലിലെ മൈദ മില്ലിന് സമീപത്തുനിന്നും പ്രഭാന്ത് പെട്രോള്‍ പമ്പിനെ സമീപത്തേക്കാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഭോപ്പാൽ റെയില്‍വെ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാര്‍ ഉപയോഗിക്കുന്ന പ്രധാന പാതയാണിത്. പ്രദേശത്തെ ഗതാഗതകുരുക്ക് ഒഴിവാക്കാനാണ് പാലം നിര്‍മിച്ചതെങ്കിലും അശാസ്ത്രീയമായി നിര്‍മിച്ച പാലം അപകടത്തിനൊപ്പം ഗതാഗതകുരുക്ക് വര്‍ധിപ്പിക്കുകയാണെന്നാണ് ആരോപണം.

പാലത്തിന്‍റെ അസാധാരണമായ വളവുകളിൽ വെച്ചാണ് വാഹനങ്ങള്‍ അപകടത്തിൽപ്പെട്ടത്. പെട്ടെന്നുള്ള വളവുകളിൽ നിയന്ത്രണം വിട്ട് വാഹനങ്ങള്‍ ഡിവൈഡറിലിടിച്ച് മറിയുകയാണ്. ഇത്തരത്തിൽ ഒരു കാറും സ്കൂള്‍ വാനുമാണ് മറിഞ്ഞത്. പാലത്തിന്‍റെ വീതിയിലും പലയിടത്തും വ്യത്യാസമുണ്ട്. വീതിയിൽ വരുന്ന പാലം ഇടയിൽ വെച്ച് പെട്ടെന്ന് കുപ്പികഴുത്തായി മാറുകയാണ്. ഇത്തരത്തിൽ കുപ്പികഴുത്താകുന്ന സ്ഥലത്താണ് വളവുകളുള്ളതും.

പാമ്പിന്‍റെ ആകൃതിക്ക് സമാനമായുമുള്ള എസ് എന്ന അക്ഷരത്തിന് സമാനമായുമുള്ള ഈ വളവുകള്‍ മൂലം ഡ്രൈവര്‍മാര്‍ വാഹനം ഇടത്തേക്ക് തിരിച്ച ഉടനെ വീണ്ടും വലത്തോട്ട് തിരിക്കുകയും പിന്നീട് വീണ്ടും ഇടത്തോട്ട് തിരിക്കേണ്ടിയും വരുന്നു. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഈ വളവുകളിൽ വാഹനം തിരിക്കേണ്ടിവരുന്നത്. ഇതാണ് അപകടസാധ്യത ഉയര്‍ത്തുന്നത്.

ഇതിനുപുറമെ അശാസ്ത്രീയമായാണ് പാലത്തിൽ ഡിവൈഡറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. രാത്രിയിലടക്കം ഡിവൈഡറുകള്‍ കാണാത്ത അവസ്ഥയമുണ്ട്. ഡിവൈഡറുകള്‍ക്ക് ആവശ്യത്തിന് ഉയരമില്ലാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്.പാലം നിര്‍മിച്ച സ്ഥലത്ത് ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും ഇത്തരത്തിലുള്ള ഡിസൈൻ ഒഴിവാക്കാമായിരുന്നുവെന്നാണ് എഞ്ജിനീയറിങ് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഭോപ്പാലിലെ ഐഷ്ബാഗിൽ 90 ഡിഗ്രി വളവുള്ള റെയില്‍വെ മേൽപ്പാലം നിര്‍മിച്ച സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. 90 ഡിഗ്രി പാലത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞിരുന്നു. 

18 കോടി രൂപ മുടക്കിയാണ് ഐഷ്ബാഗിൽ പാലം നിര്‍മിച്ചത്. റെയിൽവേ ക്രോസിംഗുകളിലെ കാലതാമസം ഒഴിവാക്കാനും മൂന്ന് ലക്ഷത്തോളം ആളുകൾക്ക് പ്രയോജനം ലഭിക്കാനും ലക്ഷ്യമിട്ടാണ് ഈ പാലം നിർമ്മിച്ചത്. പൊതുമരാമത്ത് വകുപ്പാണ് ഒരു ഭാഗം നിർമിച്ചത്. 

മറ്റൊരു ഭാഗം റെയിൽവേയും. പാലത്തിലെ കൊടും വളവ് കഴിഞ്ഞ ഉടനെ കുത്തനെയുള്ള ഇറക്കമാണെന്നും സാധാരണ വേഗതയില്‍ ഒരു വാഹനം വന്നാല്‍പ്പോലും പാലത്തിലൂടെ സുഗമമായ യാത്ര സാധ്യമല്ലെന്നും വിമർശനം ഉയർന്നു. പിന്നാലെയാണ് പിഴവുകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകിയത്.