മേല്‍പ്പാലത്തിന്‍റെ ചിത്രം കണ്ട പലരും ഇന്ത്യന്‍ ടെമ്പിൾ റണ്‍ മൂന്നാം വേർഷനാണെന്നായിരുന്നു എഴുതിയത്.

ചില നിര്‍മ്മിതികൾ കണ്ടാല്‍ നമ്മൾ അന്തംവിടും. ചിലപ്പോളത് അതിന്‍റെ ഉയരം കൊണ്ടാകും. മറ്റ് ചിലപ്പോൾ രൂപം കൊണ്ടോ ഉപയോഗിച്ച വസ്തുക്കളെ കണ്ടോ ആകും. എന്നാല്‍ ഭോപ്പാലിലെ ഒരു റെയില്‍വേ മേല്‍പ്പാലം ആളുകളെ അമ്പരപ്പിച്ചത് അതിന്‍റെ വിചിത്രമായ രീതി കൊണ്ടാണ്. റോഡുകളും വഴികളും 90 ഡിഗ്രിയിലേക്ക് പെട്ടെന്ന് തിരിയില്ല. അങ്ങനെ തിരിഞ്ഞാല്‍ ആ വഴിയിലൂടെ വാഹനങ്ങൾക്ക് കടന്ന് പോകാന്‍ പറ്റില്ലെന്നത് തന്നെ. അതെ പറഞ്ഞ് വന്നത് തന്നെ. ഭോപ്പാലിലെ റെയില്‍വേ മേല്‍പ്പാലം പണിതിരിക്കുന്നത് 90 ഡിഗ്രിയിലാണ്. കാഴ്ചക്കാര്‍ ചോദിക്കുന്നതും മറ്റൊന്നല്ല. ഇന്ത്യന്‍ റെയില്‍വേയുടെ ടെമ്പിൾ റണ്ണാണോയെന്ന് തന്നെ.

ഭോപ്പാല്‍ ഐഷ്ബാഗ് സ്റ്റേഡിയത്തിന് സമീപത്താണ് വിചിത്രമായ ഈ റെയില്‍വേ മേല്‍പ്പാലം പണിതിരിക്കുന്നത്. പാലത്തിന്‍റെ അപകടകരമായ തിരിവിലൂടെ എങ്ങനെയാണ് വാഹനങ്ങൾ പോവുകയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും ചോദിക്കുന്നത്. പാലത്തിന്‍റെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് സത്യമൂര്‍ത്തി നാഗേശ്വരന്‍ എന്ന എക്സ് ഉപയോക്താവ് 'ഒരു ഹോക്കി സ്റ്റേഡിയത്തോട് ചേർന്നുള്ള ഫ്ലൈഓവറിന്‍റെ അസാധാരണമായ ഹോക്കി സ്റ്റിക്ക് ആകൃതി ഒരു പ്രതീകാത്മക ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നുവെന്നാണ് തമാശയായി എഴുതിയത്.

അസാധാരണമായ വളവ് മാത്രമല്ല പാലത്തിന്‍റെ പ്രത്യേകത. ഈ 'എഞ്ചിനീയറിംഗ് അത്ഭുതം' സൃഷ്ടിക്കാൻ മധ്യപ്രദേശ് പിഡബ്ല്യുഡി 10 വർഷമാണ് എടുത്തത്. ഒപ്പം എങ്ങനെയാണ് ഇത്തരമൊരു പാലം പണിയാന്‍ പൊതുമരാമത്ത് വകുപ്പും എഞ്ചിനീയർമാരും ഏങ്ങനെയാണ് അംഗീകാരം നല്‍കിയതെന്നും അദ്ദേഹം ചോദിക്കുന്നു. ഈ 90 ഡിഗ്രി വളവ് വരാനിരിക്കുന്ന ദുരന്തങ്ങളുടെ വഴിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കൊടും വളവ് കഴിഞ്ഞ ഉടനെ കുത്തനെയുള്ള ഇറക്കമാണെന്നും സാധാരണ വേഗതയില്‍ ഒരു വാഹനം വന്നാല്‍പ്പോലും പാലത്തിലുടെ സുഗമമായ ഒരു യാത്ര സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പം പൊതുഗജനാവില്‍ നിന്നും 50 - 70 കോടി രൂപ ചെലവാക്കി ഇതുപോലൊരു പാലം പണിയാന്‍ ആരാണ് ഒപ്പിട്ട് നല്‍കിയതെന്നും അദ്ദേഹം ചോദിക്കുന്നു.

Scroll to load tweet…

2021-ൽ ജേണൽ ഓഫ് ട്രാൻസ്പോർട്ടേഷൻ എഞ്ചിനീയറിംഗിൽ വന്ന ഒരു പഠനത്തില്‍ 100 മീറ്ററിൽ താഴെയുള്ള വളവുകൾ ദൃശ്യപരതയും വാഹന നിയന്ത്രണവും കുറയ്ക്കുന്നതിനാൽ അപകട നിരക്ക് 35% വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒപ്പം ഭോപ്പാലിന്‍റെ ട്രാഫിക് മാനേജ്‌മെന്‍റിൽ നിന്നുള്ള പഴയ കണക്കുകള്‍ വച്ച് കൊണ്ട് 2024 ല്‍ ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു റിപ്പോര്‍ട്ട് ഭോപ്പാലിലെ പിഡബ്ല്യുഡി ഫ്ലൈഓവറുകൾ പലപ്പോഴും തിരക്ക് കുറയ്ക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് തെളിയിക്കുന്നതായും അദ്ദേഹം എഴുതി. വിചിത്രമായ മേല്‍പ്പാലത്തിന്‍റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

സംഗതി വിവാദമായതോടെ, അടുത്ത് തന്നെ ഒരു മെട്രോ സ്റ്റേഷന്‍ ഉള്ളതിനാല്‍ സ്ഥല പരിമിതിയുണ്ടെന്നും മറ്റ് സാധ്യതകളില്ലായിരുന്നെന്നും വിശദീകരിച്ച് ചീഫ് എഞ്ചിനീയര്‍ വി ഡി വര്‍മ്മ രംഗത്തെത്തി. മേല്‍പ്പാലം നിര്‍മ്മിച്ചത് റെയിലിന് ഇരുവശത്തുമുള്ള കോളനികൾ തമ്മില്‍ ബന്ധിപ്പിക്കാനാണെന്നും ചെറിയ വാഹനങ്ങളല്ലാതെ വലിയ വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പാലത്തിന് 18 കോടി മാത്രമാണ് ചെലവയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.