ഗുവാഹത്തി: പൗരത്വഭേദഗതി ബില്ലിനെതിരെ അസമില്‍ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാന്‍ അനുനയനീക്കവുമായി അസം സര്‍ക്കാര്‍. തദ്ദേശീയരുടെ സ്വത്ത് സംരക്ഷിക്കാന്‍ നിയമം കൊണ്ടു വരാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചു. അസം നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ പ്രസ്തുത ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. 

അതിനിടെ ജനസംഖ്യ രജിസ്റ്റര്‍ നടപ്പാക്കാനുള്ള നടപടികള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ത്തി വച്ചു. കേരളം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പാക്കാനുള്ള നടപടികള്‍ നേരത്തെ നിര്‍ത്തിവച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എന്‍ഡിഎ യോഗം വിളിക്കണമെന്ന് ജെഡിയു ആവശ്യപ്പെട്ടു. എന്‍ഡിഎ മുന്നണിയില്‍ ജെഡിയുവും അസം ഗണം പരിക്ഷത്തും രാം വില്വാസ് പാസ്വാന്‍റെ എല്‍ജെപിയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 
 
പൗരത്വ ബില്ലിനെതിരായ പ്രതിഷേധം അക്രമാസക്തമായ മംഗ്ലൂര്‍ നഗരത്തിലും ദക്ഷിണകന്നഡ ജില്ലയിലും ഇന്‍റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചിട്ടുണ്ട്. അലിഗഡിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു. കഴിഞ്ഞ 15-ാം തീയതി മുതല്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയ അലിഗഢ് മുസ്ലീം സര്‍വകലാശാലയിലും ഇന്ന് ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചു.