ദില്ലി: ദില്ലി ജുമാമസ്ജിദിൽ പ്രതിഷേധം തുടരുന്നു. ജുമാ നമസ്കാരത്തോടെ തുടങ്ങിയ പ്രതിഷേധമാണ് ഇപ്പോഴും തുടരുന്നത്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ നേതൃത്ത്വത്തിലാണ് പ്രതിഷേധം. രാവിലെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ആസാദ് പിന്നീട് ജുമാ മസ്ജിദിൽ എത്തുകയായിരുന്നു. ആസാദിനെ കസ്റ്റഡിയിൽ എടുക്കാനായി വൻ പൊലീസ് സംഘം എത്തിയിട്ടുണ്ടെങ്കിലും മസ്ജിദിനുള്ളിൽ പ്രതിഷേധം നടക്കുന്നതിനാൽ പൊലീസ് അവിടേക്ക് പ്രവേശിക്കുന്നില്ല. മസ്ജിദിനുള്ളിൽ കയറി തന്നെ അറസ്റ്റ് ചെയ്യട്ടേ എന്ന് ആസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'മസ്ജിദിനുള്ളിൽ കടന്ന് പൊലീസ് കസ്റ്റഡിയിലെടുക്കട്ടെ, പ്രതിഷേധം തുടരും': ചന്ദ്രശേഖർ ആസാദ്

പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി ജാമിയ മിലിയ സർവ്വകലാശാലയിൽ നിന്നടക്കമുള്ള വിദ്യാർത്ഥികൾ ജുമാ മസ്ജിദ് പരിസരത്തേക്കെത്തിയിട്ടുണ്ട്. അതിനിടെ പ്രതിഷേധക്കാർ പിരിഞ്ഞു പോകണമെന്ന് ജുമാ മസ്ജിദ് ഇമാം അഹമ്മദ്ബുഖാരി ആവശ്യപ്പെട്ടു. ആർക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ലെന്നും മസ്ജിദിനെ  പ്രതിഷേധ വേദിയാക്കരുതെന്നും ഇമാം പറഞ്ഞു. എല്ലാവരും പിരിഞ്ഞു പോകണമെന്നും ആരെയും അറസ്റ്റ് ചെയ്യില്ലെന്നും പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയിട്ടില്ല.