കർണാടക ബാലാവകാശ കമ്മീഷൻ ഇടപെടുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എല്ലാ ഡേ കെയർ സെന്ററുകളുടെയും പ്രവർത്തനം കർശനമായി പരിശോധിക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ.

ബെംഗളൂരു: ബ്രൂക്ക്ഫീൽഡിലെ 'കേപ്പ് ജമിനി' ഐടി ക്യാമ്പസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററിൽ കുഞ്ഞുങ്ങൾക്ക് നേരെ നടന്ന ക്രൂര പീഡനങ്ങളിൽ ആയമാരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഡേ കെയറിൻ്റെ പ്രവർത്തനം കഴിഞ്ഞ ദിവസം തന്നെ നിർത്തിയെങ്കിലും അധികൃതർക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിഷയത്തിൽ കർണാടക ബാലാവകാശ കമ്മീഷൻ ഇടപെടുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിലെ എല്ലാ ഡേ കെയർ സെന്ററുകളുടെയും പ്രവർത്തനം കർശനമായി പരിശോധിക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ തീരുമാനിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഡേ കെയറുകളുടെ പട്ടിക ലഭ്യമാക്കി കൗൺസിൽ അംഗങ്ങൾ നേരിട്ടെത്തിയാകും പരിശോധന നടത്തുകയെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു. സാധാരണ പ്രവർത്തന ക്രമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡേ കെയറുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനും പരാതികൾ ഉയർന്നാൽ കടുത്ത നടപടിയെടുക്കാനും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ നിർദ്ദേശം നൽകിയതിനൊപ്പം, ഇവിടുത്തെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ കൗൺസിലിംഗ് നൽകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കുഞ്ഞുങ്ങൾ കരയുമ്പോൾ വായടപ്പിക്കാനായി ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുള്ളിൽ കയറ്റി ഇരുത്തുക, വാഷ്‌റൂമുകളിൽ പൂട്ടിയിടുക, ടോയ്‌ലറ്റ് ക്ലീനിംഗ് സ്പ്രേയർ ഉപയോഗിച്ച് വായിലേക്ക് നേരിട്ട് വെള്ളം അടിക്കുക തുടങ്ങിയ ഭീകരമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളിലൂടെ വെളിപ്പെട്ടത്.