ആവശ്യമായ പരിശോധനകൾ നടത്തി ക്ലിയറൻസ് ലഭിച്ച ശേഷം വിമാനം വീണ്ടും പുറപ്പെട്ടുവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ദില്ലി: ദില്ലിയിൽ നിന്ന് റാഞ്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ സംശയിച്ചതിനെ തുടർന്ന് ദില്ലിയിൽ തന്നെ തിരിച്ചിറക്കി. തിങ്കളാഴ്ച വൈകുന്നേരം 4.25ന് ദില്ലി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എ.ഐ 9695 വിമാനം വൈകുന്നേരം 6.20ന് റാഞ്ചിയിലെ ബിർസ മുണ്ട എയർപോർട്ടിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നു.

എന്നാൽ ടേക്കോഫ് ചെയ്ത് അൽപ സമയം കഴിഞ്ഞപ്പോൾ വിമാനത്തിന് സാങ്കേതിക തടസമുണ്ടെന്ന് പൈലറ്റിന് സംശയം തോന്നിയതിനെ തുടർന്ന് ദില്ലിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. എന്നാൽ ആവശ്യമായ പരിശോധനകൾ നടത്തി ക്ലിയറൻസ് ലഭിച്ച ശേഷം വിമാനം വീണ്ടും പുറപ്പെട്ടുവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

തിങ്കളാഴ്ച മറ്റൊരു സംഭവത്തിൽ എയർ ഇന്ത്യയുടെ ഹോങ്കോങ് - ദില്ലി വിമാനവും സാങ്കേതിക തകരാർ സംശയിച്ച് തിരിച്ചറക്കിയിരുന്നു. മൂന്നര മണിക്കൂർ വൈകി ഹോങ്കോങിൽ നിന്ന് പ്രദേശിക സമയം ഉച്ചയ്ക്ക് 12.16ന് പുറപ്പെട്ട എ.ഐ 315 വിമാനമാണ് അൽപ ദൂരം പറന്ന ശേഷം ഹോങ്കോങിൽ തന്നെ തിരിച്ചറിക്കയത്. ഉച്ചയ്ക്ക് പ്രാദേശിക സമയം ഒരു മണിയോടെയാണ് വിമാനം ലാൻഡ് ചെയ്തതെന്ന് ഹോങ്കോങ് എയർപോർട്ട് അധികൃതർ അറിയിച്ചു.

ബോയിങ് 787-8 ഡ്രീം ലൈനർ വിമാനമാണ് ഇത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നും സാങ്കേതിക പ്രശ്നങ്ങൾ പരിശോധിക്കുകയാണെന്നും എയർ ഇന്ത്യ പിന്നീട് അറിയിച്ചു. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാ സഹായവും നൽകുമെന്നും കമ്പനി അറിയിച്ചിരുന്നു.