പൊലീസെത്തി പൂട്ടുപൊളിച്ച് അകത്തു കടന്നപ്പോൾ കണ്ടത് മൃതശരീരങ്ങളാണ്.
ദില്ലി: ജോലികഴിഞ്ഞ് വന്ന ഭര്‍ത്താവ് കണ്ടത് മരിച്ചു കിടക്കുന്ന മകനേയും ഭാര്യയേയും. ദില്ലിയിലെ ലജ്പത് നഗറിലാണ് ദാരുണമായ കൊലപാതകം നടന്നത്. 42 കാരിയായ രുചികയേയും 14 കാരനായ മകനേയും കൊലപ്പെടുത്തിയത് വീട്ടില്‍ ജോലി ചെയ്തിരുന്ന ഡ്രൈവറാണ്. രുചികയും ഭര്‍ത്താവ് കുല്‍ദീപും ലജ്പത് നഗറില്‍ ഒരു തുണിക്കട നടത്തുകയാണ്. ഇവര്‍ക്ക് ഷോപ്പിലെ കാര്യങ്ങളില്‍ സഹായിക്കുന്നതിനും ഡ്രൈവറായും കൂടെ ഉണ്ടായിരുന്ന യുവാവാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. രുചിക വഴക്ക് പറഞ്ഞതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ബുധനാഴ്ച രാത്രി 9.30 ഓടെ കുല്‍ദീപ് വീട്ടിലെത്തി. വീടിന്‍റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഇയാള്‍ ഭാര്യയേയും മകനേയും മാറി മാറി വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് വാതില്‍ പൊളിച്ചാണ് വീടിന് അകത്തേക്ക് കയറിയത്. തുടര്‍ന്ന് രുചികയെ ബെഡ്റൂമിലെ കിടക്കയ്ക്കടുത്തും മകന്‍ കൃഷ് ബാത്ത്റൂമിലുമായി കൊല്ലപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്നാണ് ഇവരുടെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബീഹാര്‍ സ്വദേശിയായ ഇയാള്‍ ദില്ലിയിലെ അമര്‍ കോളനിയിലാണ് താമസം.
