ആത്മഹത്യ ചെയ്ത കര്‍ഷകരുടെ  കുടുംബങ്ങളെ കയ്യൊഴിഞ്ഞ് പഞ്ചാബ് സർക്കാര്‍. ജോലിയും പ്രതിമാസ പെന്‍ഷനും ഉള്‍പ്പെടെ, പ്രഖ്യാപിച്ച സമഗ്ര പാക്കേജ്, വെറും വാഗ്ദാനത്തിൽ ഒതുങ്ങിയെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ദില്ലി: ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ കയ്യൊഴിഞ്ഞ് പഞ്ചാബ് സർക്കാര്‍. ജോലിയും പ്രതിമാസ പെന്‍ഷനും ഉള്‍പ്പെടെ, പ്രഖ്യാപിച്ച സമഗ്ര പാക്കേജ്, വെറും വാഗ്ദാനത്തിൽ ഒതുങ്ങിയെന്നാണ് കര്‍ഷകര്‍ പറയുന്നത്.

നോട്ട് നിരോധനം കൂടി വന്നതോടെ കടം വളരെയധികം കൂടി. ഉല്‍പ്പന്നങ്ങള്‍ക്ക് വിലയുമില്ല. ഈ സമ്മര്‍ദ്ദം ഭര്‍ത്താവിന് താങ്ങാവുന്നില്‍ അപ്പുറമായിരുന്നു... ആത്മഹത്യ ചെയ്ത ഛതീന്ദറിന്‍റെ ഭാര്യ ഹര്‍ദീപ് കൗറിന്‍റെ വാക്കുകളാണിത്.

ജലന്ധറില്‍ നിന്ന് 60 കിലോമീറ്റര്‍ താണ്ടിയാല്‍ ജുഗിയ ഗ്രാമത്തിലെത്തും. പാടശേഖരങ്ങള്‍ക്ക് നടുവിലൂടെയുളള ഈ റോഡ് ചെന്നെത്തുന്നത് ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു വീട്ടിലേക്കാണ്. ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ ആയിരുന്ന ഛതീന്ദര്‍ സിംഗിന്റെ വീട്. ഛതീന്ദര്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തു.

ഒന്പതേക്കറില്‍ നെല്ല് വിളയിച്ചിരുന്ന ഛതീന്ദറിന്‍റെ കുടുംബത്തിനെ ദുരിതത്തിലേക്ക് തള്ളിവിട്ടത് 2016ലെ വെള്ളപ്പൊക്കം. വായ്പയെടുത്ത് പിറ്റേവര്‍ഷം കൃഷിയിറക്കിയെങ്കിലും വിലയിടിവ് തിരിച്ചടിയായി. രണ്ടു പൊതുമേഖലാ ബാങ്കുകളില്‍ ഒമ്പത് ലക്ഷവും സഹകരണബാങ്കില്‍ രണ്ടു ലക്ഷവും കടം.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് സമഗ്ര പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആറ് ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി, പുനരധിവാസപദ്ധതി, പ്രതിമാസം 1500 രൂപ പെന്‍ഷന്‍ , വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയ പാക്കേജിലുണ്ട്. എന്നാൽ ഇവർക്ക് കിട്ടിയത് മൂന്ന് ലക്ഷം രൂപയാണ്.