കോർപ്പറേറ്റ് ഓഫീസിനുള്ളിൽ വച്ച് ഇൻകം ടാക്സ് റെയ്ഡിനിടെയാണ് അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്.
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി. കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് സംഘമാണ് റെയ്ഡിന് എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. പല തവണ ഇൻകം ടാക്സ് സ്ഥാപനത്തിൽ നടന്നതിനെതിരെ സി ജെ റോയി കോടതിയെ സമീപിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റെയ്ഡിനിടെ ഉദ്യോഗസ്ഥർ സിജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ സി ജെ റോയി സ്വയം വെടിയുതിർക്കുകയായിരുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


