തീർത്ഥാടന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 31 പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

ശ്രീനഗർ: ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലിൽ മാത്രം 31 പേർ മരിച്ചതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മാരകമായ മണ്ണിടിച്ചിലിനെ തുടർന്ന് വൈഷ്ണോ ദേവി ക്ഷേത്രത്തിലേയ്ക്കുള്ള യാത്ര താൽക്കാലികമായി നിർത്തിവെച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വൻ യാത്രാ തടസ്സങ്ങളാണ് ഉണ്ടായത്. ജമ്മുവിലും കത്രയിലും പരിസരങ്ങളിലുമുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവെയ്ക്കുകയോ ചെയ്തു. നദികൾ അപകടനിലയ്ക്ക് മുകളിൽ നിറഞ്ഞൊഴുകുകയും തീർത്ഥാടന പാതകളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

അർദ്ധ്കുവാരിയിലെ ഇന്ദർപ്രസ്ഥ ഭോജനാലയയ്ക്ക് സമീപം കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ കാരണം വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവെച്ചു. തീർത്ഥാടന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 31 പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. കൂടുതൽ പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്ന വിലയിരുത്തലിൽ തിരച്ചിലും രക്ഷാപ്രവർത്തനവും പുരോ​ഗമിക്കുകയാണ്. മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി മുതൽ ജമ്മുവിൽ തുടർച്ചയായി മഴ പെയ്യുകയാണ്. നദികളും ജലാശയങ്ങളും കരകവിഞ്ഞു. മഴക്കെടുതിയിൽപ്പെട്ട് നാല് പേരുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ജമ്മു ഡിവിഷനിൽ തുടർച്ചയായ മൂന്നാം ദിവസവും മഴ തുടരുകയാണ്. പേമാരിയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. കുറഞ്ഞത് 18 വീടുകൾക്കെങ്കിലും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. വെള്ളപ്പൊക്കം ഉണ്ടായതിനെത്തുടർന്ന് ജമ്മുവിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം 3,500ലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത മഴ ജമ്മുവിലുടനീളമുള്ള യാത്രയെ സാരമായി ബാധിച്ചു. ജമ്മു, കത്ര റെയിൽവേ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കുകയോ പുറപ്പെടുകയോ ചെയ്യേണ്ട 22 ട്രെയിനുകൾ നോർത്തേൺ റെയിൽവേ റദ്ദാക്കി. കൂടാതെ, മുൻകരുതലായി മേഖലയിലെ 27 ട്രെയിനുകൾ താൽക്കാലികമായി സർവീസ് നിർത്തിവെയ്ക്കുകയും ചെയ്തു.