ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയിലാണ് സംഭവം

ദില്ലി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിൽ ഹെലികോപ്ടര്‍ നടുറോഡിലിറക്കി. ഹെലികോപ്ടറിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയിലാണ് സംഭവം നടന്നത്. 

ഹെലികോപ്ടര്‍ റോഡിന് നടുവിൽ അടിയന്തരമായി ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് സമീപത്തെ വീടിനും റോഡരികിൽ നിര്‍ത്തിയിട്ട കാറിനും കേടുപാടുസംഭവിച്ചു. ഹെലികോപ്ടറിന്‍റെ ചില ഭാഗങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. 

ഹെലികോപ്ടര്‍ അടിയന്തരമായി ഇറക്കേണ്ട സാഹചര്യത്തിലാണ് ഉടൻ തന്നെ റോഡിലിറക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. വീതികുറ‍ഞ്ഞ റോഡിൽ ഹെലികോപ്ടര്‍ ഇറങ്ങാനുള്ള സൗകര്യമില്ലായിരുന്നെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടൻ ലാന്‍ഡ് ചെയ്യുകയായിരുന്നു.

അഞ്ച് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്‍റ് അതോറിറ്റി സംഭവം ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. ക്രിസ്റ്റൽ ഏവിയേഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ സിർസിയിൽനിന്നും കേദാർനാഥിലേക്കുള്ള യാത്രക്കിടെയാണ് അടിയന്തരമായി ഇറക്കിയത്. സംഭവത്തിൽ അന്വേഷണം തുടങ്ങി.