അകന്നു കഴിയുന്ന ഭാര്യയെ കൊലപാതക കേസിൽ കുടുക്കാൻ ശ്രമിച്ച ഭർത്താവിന്റെ നീക്കം പാളിയതോടെ സൂറത്തിൽ നടന്ന മൂന്ന് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞു. സ്വത്തിനും പണത്തിനും വേണ്ടി ഇരുവരും ചേർന്ന് മൂന്ന് ബന്ധുക്കളെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ ഭർത്താവ് മാധവദാസ് സാധുവും ഭാര്യ ഊർമിളയും അറസ്റ്റിലായി.

സൂറത്ത്:അകന്നു കഴിയുന്ന ഭാര്യയെ കൊലപാതക കേസിൽ കുടുക്കാനുള്ള ഭർത്താവിന്റെ നീക്കം പാളിയതോടെ ചുരുളഴിഞ്ഞത് മൂന്ന് കൊലപാതകങ്ങൾ. നാല് വർഷം മുൻപ് ഗുജറാത്തിലെ സൂറത്തിലായിരുന്നു കൊലപാതക പരമ്പര. സംഭവത്തിൽ മാധവദാസ് സാധു, ഭാര്യ ഊർമിള എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അകന്നു കഴിയുന്ന ഭാര്യയെ കുടുക്കാൻ തോന്നിയ ഒരു കുരുട്ട് ബുദ്ധി. ഭാര്യക്കൊപ്പം അതേ വാരിക്കുഴിയിൽ വീണു ഭർത്താവും.

സൂറത്തിലെ കോസംബയിൽ ശാന്താബെൻ എന്ന വയോധിക കൊല്ലപ്പെട്ടുവെന്നും മൃതദേഹം വീട്ടിൽ കുഴിച്ചിട്ടിരിക്കുകയാണെന്നും മാധവദാസ് പൊലീസിൽ പരാതി നൽകി. തന്റെ ഭാര്യയും ബന്ധുവുമാണ് പ്രതികളെന്നും ആരോപണം. അന്വേഷിച്ചിറങ്ങിയ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് മൂന്ന് കൊലപാതകങ്ങൾ. പക്ഷെ പ്രതികൾ പരാതിക്കാരനും ഭാര്യയും.

2022 ൽ സ്വത്തിനും പണത്തിനും വേണ്ടിയായിരുന്നു തുടർ കൊലപാതകങ്ങൾ.ഭാര്യയുടെ മുത്തശ്ശിയായ ശാന്താബെന്നിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വീപ്പയിൽ സിമെന്റ് നിറച്ച് മൂടി. പിന്നാലെ വീപ്പ വീട്ടിലെ കോർട്ടിയാർഡിൽ കുഴിച്ചിട്ടു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു എന്ന് എല്ലാവരോടും കള്ളം പറഞ്ഞു. മാസങ്ങൾക്കകം ഊർമിളയുടെ സഹോദരിയായ ഭഗവതീബെൻ കമലേഷ്ഭായിയെയും മാധവദാസിന്റെ അമ്മ മഞ്ജുളാബെന്നിനെയും കൊലപ്പെടുത്തി.

ഇരുവരും അസുഖബാധിതരായിരുന്നതിനാൽ അങ്ങനെ മരിച്ചുവെന്ന് വരുത്തി തീർത്തു. കൊലപാതക പരമ്പരയ്ക്കുശേഷം സ്വർണവും പണവുമായി അകന്നുകഴിയാൻ തുടങ്ങിയതിനെ തുടർന്നാണ് മാധവദാസിന് ഭാര്യയോട് വൈരാഗ്യം തോന്നിയത്. പരാതി കൊടുത്തു കുടുക്കാനുള്ള ശ്രമത്തിൽ രണ്ടുപേരുടെയും ക്രൂരത പുറത്തുവന്നു. വീടിനകത്തു നിന്നും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ പോലീസ് തുടർനടപടികൾ തുടങ്ങി.