ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാരെ എത്രയും വേഗം വിട്ടയക്കണം- ഇന്ത്യ
ദില്ലി : തടവിലുള്ള സാധാരണക്കാരുടെയും മത്സ്യതൊഴിലാളികളുടെയും വിവരങ്ങൾ ഇന്ത്യയും പാകിസ്ഥാനും പരസ്പരം കൈമാറി. ഇന്ത്യക്കാരായ 193 മത്സ്യതൊഴിലാളികളും 53 മറ്റുള്ളവരും തടവിലുണ്ടെന്നാണ് പാകിസ്ഥാൻ നല്കിയ പട്ടിക. പാകിസ്ഥാനികളെന്ന് കരുതുന്ന 382 തടവുകാരാണ് ഇന്ത്യയിലുള്ളത്. പാകിസ്ഥാനിലെ 81 മത്സ്യതൊഴിലാളികളും ഇന്ത്യയുടെ കസ്റ്റഡിയിലുണ്ട്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാരെ എത്രയും വേഗം വിട്ടയക്കണമെന്നും മത്സ്യതൊഴിലാളികളെ എല്ലാം മോചിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ജയിലിലുള്ള പലരെയും പൗരൻമാരെന്ന് അംഗീകരിക്കാൻ പാകിസ്ഥാൻ സഹകരിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. എല്ലാ വർഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഇന്ത്യയും പാകിസ്ഥാനും തടവുകാരുടെ വിവരങ്ങൾ പരസ്പരം കൈമാറണം എന്നാണ് ധാരണ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കിയെങ്കിലും ഈ ധാരണയിൽ മാറ്റിയില്ല.


