Asianet News MalayalamAsianet News Malayalam

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികനെ തിരിച്ചയക്കുന്ന കാര്യത്തില്‍ ഇന്ത്യ നിലപാട് മയപ്പെടുത്തുന്നു

indian agrees to send italian soldier to his homeland
Author
First Published Apr 21, 2016, 5:57 PM IST

കടൽക്കൊലക്കേസിൽ സുപ്രീംകോടതിയിലെ വിചാരണ അവസാനിക്കാതെ സാൽവത്തോറെ ജെറോണിനെ തിരികെ അയയ്ക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്ന ഇന്ത്യ ഇതാദ്യമായാണ് അന്താരാഷ്ട്ര കോടതിയിൽ നിലപാട് മയപ്പെടുത്തുന്നത്. ഇന്ത്യ മുന്നോട്ടു വെയ്ക്കുന്ന ഉപാധികളെല്ലാം ഇറ്റലി അംഗീകരിയ്ക്കുകയാണെങ്കിൽ ജെറോണിനെ തിരിച്ചയയ്ക്കാമെന്ന് ഹേഗിലുള്ള പെർമനന്‍റ് കോർട്ട് ഓഫ് ആർബിട്രേഷനെ ഇന്ത്യ അറിയിച്ചു. കടൽക്കൊലയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിൽ നടക്കുകയാണെന്ന് അന്താരാഷ്ട്രകോടതിയെ അറിയിച്ച ഇന്ത്യ, സംഭവം നടന്നത് ഇന്ത്യൻ സമുദ്രാതിർത്തിയിലാണെന്ന് തെളിഞ്ഞാൽ ജെറോണിനെ വിചാരണയ്ക്കായി വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു. അന്താരാഷ്ട്രകോടതി ഉത്തരവിട്ടാൽ ജെറോണിനെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ തയ്യാറാണെന്ന് ഇറ്റലി വ്യക്തമാക്കി. 

തുടർന്നാണ് വിശദമായ ഉപാധികൾ ഇന്ത്യ അന്താരാഷ്ട്രകോടതിയിൽ എഴുതിനൽകിയത്. ജെറോണിന്‍റെ യാത്രാരേഖകൾ ഇറ്റലി പിടിച്ചെടുക്കണം, ജെറോൺ ഇറ്റലി വിട്ടുപോകുന്നില്ലെന്ന് ഉറപ്പ് വരുത്തണം, കൃത്യമായ കാലയളവിൽ ഇറ്റാലിയൻ അധികൃതർക്ക് റിപ്പോർട്ട് ചെയ്യണം എന്നീ ആവശ്യങ്ങൾ ഇന്ത്യ കോടതിയ്ക്ക് മുന്പാകെ വെച്ചിട്ടുണ്ട്. ഈ ഉപാധികൾ പരിശോധിച്ച ശേഷം ജെറോണിനെ തിരികെ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രകോടതി ഉത്തരവ് പുറപ്പെടുവിയ്ക്കും. കഴിഞ്ഞ മാസം ബ്രസ്സൽസിൽ നടന്ന ഇന്ത്യ---^യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലടക്കം ഇറ്റലിയുമായി നടന്ന നയതന്ത്രചർച്ചകളുടെ ഭാഗമായാണ് ഇന്ത്യ നിലപാട് മയപ്പെടുത്താൻ തയ്യാറായതെന്നാണ് സൂചന. 

കേസിൽ അന്താരാഷ്ട്രകോടതിയുടെ ഉത്തരവ് വരുന്നതുവരെ സുപ്രീംകോടതിയിലെ നടപടികൾ മരവിപ്പിച്ചിരിയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ ജെറോണ്‍ ഇന്ത്യയിൽ തുടരേണ്ടതില്ലെന്നായിരുന്നു ഇറ്റലിയുടെ വാദം. കേസിൽ മറ്റൊരു പ്രതിയായ നാവികൻ മാസിമിലാനോ ലത്തോറെ ട്യൂമറിനെത്തുടർന്ന് ഇറ്റലിയിൽ ചികിത്സയിലാണ്.

Follow Us:
Download App:
  • android
  • ios