പാർവതി പുത്തനാറിനെ ശുചീകരിച്ച് ജലഗതാഗത യോഗ്യമാക്കാൻ സർക്കാരിന്റെ തീരുമാനം.

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള പാര്‍വതി പുത്തനാര്‍ മാലിന്യവാഹിനിയായി മാറിയിട്ട് വർഷങ്ങളായി. പാർവതി പുത്തനാറിനെ ശുചീകരിച്ച് ജലഗതാഗത യോഗ്യമാക്കാനാണ് സർക്കാരിന്റെ തീരുമാനം. അതിനായി മുഖ്യമന്ത്രി പിണറായി വിജയനും, കടകംപ്പള്ളി സുരേന്ദ്രനും മാത്യു ടി. തോമസും പാര്‍വതി പുത്തനാറിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തി. കോവളം മുതല്‍ ഹോസ്ദുര്‍ഗ് വരെ 590 കിലോമീറ്റര്‍ നീളുന്ന ഉള്‍നാടന്‍ ജലഗതാഗത പാത പുന:സൃഷ്ടിക്കാനാണ് തീരുമാനമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു. 

പാര്‍വതി പുത്തനാറില്‍ കോവളം മുതല്‍ ആക്കുളം വരെയുള്ള 16 കി.മി ഭാഗം, ഏറ്റവും കുറഞ്ഞത് 3.7 മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സോടെ ഗതാഗതയോഗ്യമാക്കുകയാണ് ഒന്നാംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. കനാലില്‍ പോളവാരല്‍, മാലിന്യം നീക്കം ചെയ്യല്‍ ഒഴുക്ക് വീണ്ടെടുക്കല്‍ എന്നീ പ്രവൃത്തികളാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്. ഇതിനായി ഷ്രെഡര്‍, സ്വീഡിഷ് നിര്‍മിത ആഫിംബിയന്‍ ക്ലീനിങ് യന്ത്രം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.പാര്‍വതി പുത്തനാറിന്റെ ശുചീകരണ ജോലികള്‍ കഴിഞ്ഞാല്‍ വര്‍ക്കലയിലെ രണ്ട് തുരപ്പുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി തുടങ്ങും.