കേസില്‍ അന്വേഷണം നടത്തുന്നത് ഒമ്പത് അംഗ പ്രത്യക അന്വേഷണ സംഘമാണ്. എസിപി പ്രദീപ് കുമാർ ഗോസലിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക.
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ വിവാദ പരാമര്‍ശവുമായി പ്രതിഭാഗം വക്കീല്‍. നടന്നത് ബലാത്സംഗമാണോ എന്ന് താന്‍ സംശയിക്കുന്നതായും പ്രധാന പ്രതി മനോജിത്ത് മിശ്രയുടെ ശരീരത്തില്‍ ലൗ ബൈറ്റിന്‍റെ പാടുകൾ കണ്ടെന്നുമാണ് അഭിഭാഷകനായ രാജു ഗാംഗുലിയുടെ ആരോപണം.
'ഞാന്‍ മനോജിത്ത് മിശ്രയോട് ചോദിച്ചു നിനക്കെതിരെ വലിയ ആരോപണമാണല്ലോ ഉയരുന്നത് എന്ന്. അപ്പോൾ അവന്‍ എന്നോട് പറഞ്ഞത് തന്നെ എല്ലാവരും വില്ലനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു എന്നാണ്. വൈദ്യപരിശോധനയില്‍ ശരീരത്തില്‍ നഖത്തിന്‍റെ പാടുകൾ കണ്ടെത്തിയതിനെ പറ്റി ചേദിച്ചപ്പോൾ അവന്‍ ഡ്രസ്സ് മാറ്റി കഴുത്തിലെ പാടുകൾ കാട്ടിത്തന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോൾ 'ലൗ ബൈറ്റ്സ്' എന്നാണ് അവൻ മറുപടി പറഞ്ഞത്. അതെങ്ങനെ ഉണ്ടായി എന്ന് ഞാന്‍ അവനോട് ചോദിച്ചു. പക്ഷേ അതിന് ഉത്തരം തരാന്‍ അവന് സാധിച്ചില്ല. അപ്പോഴേക്ക് പൊലീസ് ഇടപെട്ടു. എനിക്ക് അവന്‍റെ ശരീരത്തില്‍ നഖപ്പാടുകൾ കാണാന്‍ സാധിച്ചില്ല. കഴുത്തിലുള്ള പാട് മാത്രമാണ് ഞാന്‍ കണ്ടത്. ഇതൊരു ബലാത്സംഗ കേസാണെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ ഒരു നിഗമനത്തിലെത്തിയിട്ടില്ല. ബലാത്സംഗ കേസാണോ അല്ലയോ എന്ന് ജൂലൈ 20 ന് അറിയാം' എന്നാണ് പ്രതിഭാഗം വക്കീല്‍ പറഞ്ഞത്.
കേസില്‍ അന്വേഷണം നടത്തുന്നത് ഒമ്പത് അംഗ പ്രത്യക അന്വേഷണ സംഘമാണ്. എസിപി പ്രദീപ് കുമാർ ഗോസലിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. കൊല്‍ക്കത്ത ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മറ്റ് രണ്ടുപേര്‍ നിലവിലെ വിദ്യാര്‍ത്ഥികളുമാണ് മറ്റൊരാള്‍ കൊളേജിലെ സെക്യൂരിറ്റി ജീവനക്കാരനും. കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേസിലെ പ്രധാന പ്രതിയായ മനോജ് മിശ്രയുടെ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചിരുന്നതായി പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണെന്നാണ് റിപ്പോര്‍ട്ട്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനിയുടെ ആണ്‍ സുഹൃത്തിനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും മനോജ് മിശ്ര ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി ആരോപിക്കുന്നു. കോളേജിലെ ഗാര്‍ഡ് റൂമിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയാണ് പ്രതികള്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പൊലീസ് ഇന്നലെ രംഗത്തെത്തിയിരുന്നു. കേസിലെ നാലു പ്രതികളില്‍ മൂന്നുപേര്‍ കൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായാണ് ഇന്ന് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതികളായ മനോജിത്ത് മിശ്ര, പ്രതീം മുഖര്‍ജി, സയ്യിദ് അഹമ്മദ് എന്നിവര്‍ മുന്‍പും കോളേജിലെ വിദ്യാര്‍ത്ഥിനികളോട് അപമര്യാദമായി പെരുമാറിയിട്ടുണ്ടെന്നും പ്രതികള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി. കൊളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കേസിലെ നാലാം പ്രതി.

