വിമാന അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ഭീതിപ്പെടുത്തുന്ന അനുഭവം ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ച് പ്രദേശവാസിയായ സ്ത്രീ‌.

അഹമ്മദാബാദ്: വിമാന അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ഭീതിപ്പെടുത്തുന്ന അനുഭവം ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ച് പ്രദേശവാസിയായ സ്ത്രീ‌. വലിയ ശബ്ദവും സ്ഫോടനവും കേട്ടാണ് വീടിനു പുറത്തേക്ക് താനും കുടുംബവും ഇറങ്ങി ഓടിയതെന്നും ആകാശത്ത് ബോംബ് പൊട്ടുന്നത് പോലെ തോന്നിയെന്നും പ്രദേശവാസിയായ കൃഷ്ണബെൻ പറയുന്നു. അയൽവാസികളായ മൂന്ന് പേർ അപകടത്തിൽ മരിച്ചതായും കൃഷ്ണ ബെൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പ്രദേശവാസികൾ ഉൾപ്പെടെ നാല് പേരെ കാണാതായിട്ടുണ്ട്.

അഹമ്മദാബാദ് വിമാന അപകടത്തിൽ പ്രദേശവാസികളായ 24 പേരാണ് മരിച്ചത്.സിവിൽ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ മൃതദേഹം തിരിച്ചറിയാൻ നിൽക്കുന്ന നിരവധി സാധാരണക്കാരെയാണ് കാണാൻ സാധിക്കുന്നത്. അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധനയ്ക്കായി മരിച്ചവരുടെ കുടുംബാംഗങ്ങളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

അഹമ്മദാബാദിൽ ഇന്നലെയുണ്ടായ വിമാന ദുരന്തത്തിൽ 294 പേര്‍ മരിച്ചതായി വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസിനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ക്ക് പുറമെ പ്രദേശവാസികളും മരിച്ചവരിൽ ഉള്‍പ്പെടുന്നു. കൂടാതെ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുമുണ്ട്. 5 വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടുവെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം. അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ് പറന്നുയര്‍‌ന്ന് നിമിഷങ്ങള്‍ക്കുള്ളിൽ തകര്‍ന്നുവീണത്. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ ഉണ്ടായിരുന്നത്. ഒരുമിനിറ്റിനുള്ളിൽ തന്നെ വിമാനം തകര്‍ന്നുവീണു. 11 വര്‍ഷം പഴക്കമുള്ള എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനമാണ് തകര്‍ന്നുവീണത്. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News