മലേഷ്യയിൽ നിന്ന് മുംബൈയിലേക്ക് വന്ന ചരക്ക് കപ്പലിൽ തീപിടിത്തം

കൊച്ചി : മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന കണ്ടെയ്‌നർ കപ്പലിൽ തീപിടിത്തമുണ്ടായതായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന് വിവരം ലഭിച്ചു. സിങ്കപ്പൂർ പതാക വഹിച്ച എംവി ഇന്ററേഷ്യ ടെനേസിറ്റി എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിൻ്റെ ഡെക്കിൽ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്‌നറിലാണ് തീപിടിത്തം ഇന്ന് രാവിലെ 8.40 ഓടെ റിപ്പോർട്ട് ചെയ്തത്.

Scroll to load tweet…

വിവരം ലഭിച്ചയുടൻ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പട്രോളിങ് കപ്പലായ ഐസിജിഎസ് സാചേത് കപ്പൽ ഉണ്ടായിരുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ഹെലികോപ്റ്ററിലൂടെയും കപ്പലിൻ്റെ സ്ഥിതി കോസ്റ്റ് ഗാർഡ് പരിശോധിച്ചു. എന്നാൽ ഐസിജിഎസ് സാചേത് അടുത്തെത്തിയപ്പോഴേക്കും തങ്ങൾ തീയണച്ചതായി കപ്പലിലെ ക്യാപ്റ്റൻ അറിയിച്ചു. ഇതോടെ കോസ്റ്റ് ഗാർഡ് സംഘം മടങ്ങി. പക്ഷെ നിരീക്ഷണം തുടരുന്നുണ്ട്.

മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് വന്നുകൊണ്ടിരുന്ന കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. 1387 കണ്ടെയ്‌നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. 21 ഫിലിപ്പീൻ ജീവനക്കാരുമായി മലേഷ്യയിലെ പോർട് ക്ലാങിൽ നിന്ന് ജൂൺ എട്ടിന് രാവിലെയാണ് കപ്പൽ യാത്ര പുറപ്പെട്ടത്. നാളെ രാത്രി 11 മണിയോടെ മുംബൈയിൽ എത്തേണ്ട കപ്പലാണിത്.

YouTube video player