എയര്‍ട്രാഫിക് കണ്‍ട്രോളിലേക്കെത്തിയ അപായ സന്ദേശത്തിന് പിന്നിലെന്തെന്ന ദുരൂഹത ശക്തം 

ദില്ലി : 294 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുരൂഹത തുടരുന്നു. ഇന്ത്യ തുടങ്ങിയ അന്വേഷണത്തിന് പിന്തുണയുമായി അമേരിക്കയിലെയും, ബ്രിട്ടനിലെയും സംഘം വൈകാതെയെത്തും. അട്ടിമറി തല്‍ക്കാലം സംശയിക്കുന്നില്ലെങ്കിലും സുരക്ഷ ഏജന്‍സികളുടേതടക്കം സഹകരണം അന്വേഷണ സംഘത്തിനുണ്ടാകും.

മൂവായിരത്തിലധികം മീറ്ററുള്ള റണ്‍വേ ഏതാണ്ട് പൂര്‍ണ്ണമായും ഉപയോഗിച്ചുള്ള ടേക്ക് ഓഫ്. ഓരോ മിനിട്ടിലും 2000 അടി പൊങ്ങേണ്ട വിമാനം 625 അടിയെത്തിയ ശേഷമാണ് താഴേക്ക് പതിച്ചത്. കോക്ക് പിറ്റില്‍ നിന്നും എയര്‍ട്രാഫിക് കണ്‍ട്രോളിലേക്കെത്തിയ അപായ സന്ദേശത്തിന് പിന്നിലെന്തെന്ന ദുരൂഹത ശക്തമാണ്. വിമാനത്തിലെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അതിലെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. രണ്ടാമത്തെ ബ്ലാക്ക് ബോകിസിനായുള്ള തെരച്ചില്‍ തുടരുന്നു. പൈലറ്റുമാരുടെ സംഭാഷണം അടങ്ങുന്ന വോയിസ് ഡേറ്റ റെക്കോര്‍ഡടക്കമുള്ള വിവരങ്ങള്‍ ഇനി കിട്ടാനുള്ള ബ്ലാക്ക് ബോക്സിലാണുള്ളത്. ഇതിന് പുറമെയാണ് ഉന്നത തല വിദഗ്ധ സമിതിയേയും നിയോഗിക്കുന്നത്. വ്യോമയാന സുരക്ഷ ശക്തമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമിതി സര്‍ക്കാരിന് നല്‍കും.

ബോയിംഗ് ഡ്രീംലൈനര്‍ ആദ്യമായി അപകടത്തില്‍പ്പെട്ട സാഹചര്യത്തെ അമേരിക്കയിലെ ബോയിംഗ് കമ്പനിയും ഗൗരവമായി പരിശോധിക്കുകയാണ്. ബോയിംഗ് സിഇഒ പാരീസ് എയര്‍ ഷോയടക്കം റദ്ദാക്കി സാഹചര്യം വിലയിരുത്തുകയാണ്. അമേരിക്കയുടെ അന്വേഷണ സംഘങ്ങളായ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റുി ബോര്‍ഡും, ഫെഡറല്‍ ഏവിയേഷന്‍ അഡമിനിസ്ട്രേഷനും അന്വേഷണവുമായി സഹകരിക്കും. യുകെയുടെ എയര്‍ ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ നല്‍കും. തല്‍ക്കാലം സാങ്കേതിക തകരാര്‍ എന്നാണ് നിഗമനമെങ്കിലും, അട്ടിമറി സാധ്യതയടക്കം എല്ലാ വശങ്ങളും അന്വേഷണ പരിധിയില്‍ പരിഗണിക്കും.

ഇപ്പോള്‍ ഇതൊരപകടമായി മാത്രമേ കാണുന്നൂള്ളൂവെന്നാണ് ദുരന്ത സ്ഥലം സന്ദര്‍ശിച്ച ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതികരിച്ചത്. 

വ്യോമയാനമന്ത്രാലയത്തില്‍ ഇന്നലയെും ഇന്നുമായി നടന്ന യോഗങ്ങള്‍ ദുരന്തം രാജ്യത്തെ വ്യോമഗതാഗതത്തെ ബാധിക്കാതിരിക്കാനും, സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു. ബോയിംഗ് വിമാനങ്ങള്‍ വാങ്ങിയ സമയത്ത് ചില പരാതികളുയര്‍ന്നിരുന്നെങ്കിലും അതൊക്കെ പരിഹരിച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എയര്‍ ഇന്ത്യയും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

YouTube video player