മോദിയുടെ സന്ദർശനത്തിന് ശേഷം കേന്ദ്ര സഹായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന
ദില്ലി: പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സന്ദർശിക്കും. പ്രളയബാധിതരോട് പ്രധാനമന്ത്രി നേരിട്ട് സംസാരിക്കും. മോദിയുടെ സന്ദർശനത്തിന് ശേഷം കേന്ദ്ര സഹായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ 50 വർഷത്തിനിടെ പഞ്ചാബ് കണ്ട ഏറ്റവും രൂക്ഷമായ പ്രളയമാണിത്. പ്രളയം ഏറ്റവുമധികം ബാധിച്ച ഗുരുദാസ്പൂർ ജില്ലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുക. പ്രളയബാധിതരുടെ ക്യാമ്പിലെത്തി കുടുംബളെ മോദി കാണും. വെള്ളപ്പൊക്കത്തിൽ കൃഷിനാശം സംഭവിച്ച കർഷകരെയും കണ്ട് വിവരങ്ങൾ തേടും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം കേന്ദ്രത്തിന്റെ ദുരിതാശ്വാസ പാക്കേജിനെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. വൻകൃഷി നാശം സംഭവിച്ച സംസ്ഥാനത്തിന് കേന്ദ്ര സഹായമില്ലാതെ പിടിച്ചു നിൽക്കാനാകില്ല. നേരത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൌഹാൻ ഉടൻ പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും സഹായധനം പ്രഖ്യാപിക്കുക. സംസ്ഥാന സർക്കാരിന്റെ കണക്ക് പ്രകാരം 1,70,000 ഹെക്ടർ കൃഷിഭൂമിയാണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്. 46 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി.
പഞ്ചാബിന് പുറമെ ഹിമാചലിലും, ജമ്മു കശ്മീരിലും, ഉത്തരാഖണ്ഡിലും വരും ദിവസങ്ങളിൽ പ്രധാനമന്ത്രി സന്ദർശിക്കുമെന്നാണ് വിവരം. ഹിമാചൽ പ്രദേശിൽ കാലവർഷക്കെടുതിയിൽ 366 പേർക്കാണ് ഇതുവരെ ജീവൻ നഷ്ചമായത്. 4079 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തു ഉണ്ടായി. 135 മണ്ണിടിച്ചിലും, 95 മിന്നൽ പ്രളയവും, 45 മേഘവിസ്ഫോടനങ്ങളുമാണ് സംസ്ഥാനത്ത് 2 മാസത്തിൽ ഉണ്ടായത്. സംസ്ഥാനത്തെ റോഡുകൾ പലതും ഇപ്പോഴും അടച്ചിട്ടിരിക്കുവാണ്. ദില്ലിയിൽ യമുന നദിയിൽ ജലനിരപ്പ് കുറഞ്ഞത് നേരിയ ആശ്വാസമായി. ഉത്തരേന്ത്യയിലെ പ്രളയസാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ വസതിയിൽ എൻഡിഎ എംപിമാർക്കുള്ള അത്താഴ വിരുന്ന് നേരത്തെ റദ്ദാക്കിയിരുന്നു.

