തേജസ്വിയുടെ പ്രചാരണം യുവാക്കളെ ആകർഷിക്കുന്നുവെന്ന സർവേ റിപ്പോർട്ടുകൾക്കിടെയാണ് മോദി നയിക്കുന്ന പ്രചാരണം ശക്തമാക്കിയത്. തേജസ്വിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിത്വം കോൺഗ്രസിനെ തോക്കിൻ മുനയിൽ നിർത്തിയാണെന്ന് പറഞ്ഞുവച്ചതും അതുകൊണ്ടുതന്നെ…

പട്ന: ബീഹാറിൽ ആദ്യഘട്ട പ്രചാരണം മറ്റന്നാൾ അവസാനിക്കാനിരിക്കെ മഹാസഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ തോക്കിൻ മുനയിൽ നിർത്തിയാണ് ആർ ജെ ഡി മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം നേടിയതെന്ന് മോദി ആരോപിച്ചു. പാറ്റ്നയിൽ റോഡ്ഷോ നടത്തിയുള്ള പ്രചാരണത്തിനിടെയാണ് മോദി, മഹാ സഖ്യത്തെ കടന്നാക്രമിച്ചത്. മോദിയെ റിമോട്ട് കൺട്രോളിൽ നിയന്ത്രിക്കുന്നത് അദാനിയും അംബാനിയുമാണെന്നായിരുന്നു ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ തിരിച്ചടി. ആദ്യഘട്ട പ്രചാരണം അവസാനിക്കാനിരിക്കെ ജെ ഡി യു സ്ഥാനാർത്ഥി അറസ്റ്റിലായത് ആയുധമാക്കിയും മഹാ സഖ്യം പ്രചരണം ശക്തമാക്കിയിട്ടുണ്ട്. ജൻസുരാജ് പ്രവർത്തകന്റെ കൊലപാതകത്തിൽ ഇന്നലെ രാത്രി വീട്ടിൽ കയറിയാണ് ജെ ഡി യു സ്ഥാനാർത്ഥി ആനന്ദ് സിംഗിനെ അറസ്റ്റ് ചെയ്തത്.

വിശദ വിവരങ്ങൾ

പറ്റ്നയ്ക്കടുത്ത് മൊകാമ സീറ്റിലെ ജെ ഡി യു സ്ഥാനാർത്ഥി ആനന്ദ് സിം​ഗ് അറസ്റ്റിലായത് വൻ രാഷ്ട്രീയ തർക്കത്തിന് ഇടയാക്കുകയാണ്. പറ്റ്ന റൂറൽ എസ് പിയെ അടക്കം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. ജൻസുരാജ് പ്രവർത്തകൻ ദുലർചന്ദ് യാദവ് സംഘർഷത്തിനിടെ കൊല്ലപ്പെട്ടതിൽ ആനന്ദ് സിം​ഗിന് നേരിട്ട് പങ്കുണ്ടെന്നാണ് ആരോപണം. യാദവിന് കാലിൽ വെടിയേറ്റിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി കേസുകളിൽ പ്രതിയായ ആനന്ദ് സിം​ഗ് രണ്ടായിരത്തി ഇരുപതിൽ വിജയിച്ച ശേഷം ആയുധങ്ങൾ കൈവച്ച കേസിൽ ശിക്ഷിക്കപ്പെട്ട് അയോ​ഗ്യനായിരുന്നു. ഹൈക്കോടതി വെറുതെവിട്ടതോടെയാണ് ഇത്തവണ മത്സരിക്കാൻ വഴിയൊരുങ്ങിയത്. ജം​ഗിൾ രാജെന്ന ജെ ഡി യുവിന്റെയും ബി ജെ പിയുടെയും പ്രചാരണം ചെറുക്കാൻ ആനന്ദ് സിം​ഗിന്റെ അറസ്റ്റ് മഹാസഖ്യം ആയുധമാക്കുകയാണ്.

നിയമം നിയമത്തിന്‍റെ വഴിക്ക്

നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് ജെ ഡി യു പ്രതികരണം. ഇന്ന് ബീഹാറിൽ നടന്ന റാലികളിൽ പ്രതിപക്ഷം നുഴഞ്ഞുക്കയറ്റക്കാരെ സഹായിക്കുന്നുവെന്ന ആരോപണം മോദി ഉയർത്തി. എസ് ഐ ആറിനെ എതിർക്കുന്നത് ഇതിന് വേണ്ടിയാണെന്നും മോദി പറഞ്ഞു. റാലികൾക്ക് ശേഷം മോദി പറ്റ്നയിൽ റോഡ് ഷോയ്ക്ക് എത്തി. ജെ ഡി യു നേതാവ് ലല്ലൻ സിങ്ങും റോഡ് ഷോയിൽ പങ്കെടുത്തു. താമര ചിഹ്നം ഉയർത്തിക്കാട്ടിയായിരുന്നു മോദിയുടെ റോഡ് ഷോ. തേജസ്വി യാദവിന്റെ പ്രചാരണം യുവാക്കളെ ആകർഷിക്കുന്നുവെന്ന സർവേ റിപ്പോർട്ടുകൾക്കിടെയാണ് മോദി നയിക്കുന്ന പ്രചാരണം ശക്തമാക്കാൻ ബി ജെ പി തീരുമാനിച്ചത്. അതുകൊണ്ടുതന്നെയാണ് തേജസ്വിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിത്വം കോൺഗ്രസിനെ തോക്കിൻ മുനയിൽ നിർത്തിയാണെന്ന് മോദി പറഞ്ഞുവച്ചതും.