ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ സ്കൂളില്‍ വെച്ചാണ് അതിദാരുണമായ കൊലപാതകം നടന്നത്
ദില്ലി: ഹരിയാനയിൽ സ്കൂള്‍ പ്രിന്‍സിപ്പളിലനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. മുടി വെട്ടാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതിന്‍റെ ദേഷ്യത്തിനാണ് പ്രിൻസിപ്പളിനെ ആക്രമിച്ചത്.
പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂള്‍ വിദ്യാർത്ഥികളാണ് കൃത്യം നടത്തിയത്. ഹിസാര്‍ ജില്ലയിലെ നര്‍നൗണ്ടിലെ ബാസ് ഗ്രാമത്തിലെ കര്‍തര്‍ മെമ്മോറിയൽ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിസരത്തുവെച്ചാണ് അതിദാരുണമായ കൊലപാതകം നടന്നത്.
സ്കൂളിലെ പ്രിന്‍സിപ്പള്‍ ജഗ്ബിര്‍ സിങിനെ രണ്ടു വിദ്യാര്‍ത്ഥികള്‍ കത്തികൊണ്ട് ആക്രമിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പളിനെ സ്കൂളിലെ മറ്റു അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് ഹിസാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആക്രമണത്തിനുശേഷം രണ്ടു വിദ്യാര്‍ത്ഥികളും ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന വൈകാതെ തന്നെ പൊലീസ് സ്ഥലത്തെത്തി. കേസെടുത്ത പൊലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. ഗ്രാമത്തെ മൊത്തം നടുക്കുന്ന കൊലപാതകമാണ് സ്കൂളിൽ അരങ്ങേറിയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആത്മബന്ധത്തെ ആദരിക്കുന്ന ഗുരു പൂര്‍ണിമ ദിവസം തന്നെ ഇത്തരമൊരു സംഭവം നടന്നതിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍.
സ്കൂളിലേക്ക് വരുമ്പോള്‍ മുടി വെട്ടി അച്ചടക്കത്തോടെ വരണമെന്ന് പ്രിന്‍സിപ്പള്‍ രണ്ടു വിദ്യാരര്‍ത്ഥികളോടും പറഞ്ഞിരുന്നുവെന്നും ഇതിന്‍റെ ദേഷ്യത്തിലാണ് കൊലപാതകമെന്നും പൊലീസ് സൂപ്രണ്ട് അമിത് യാഷ്‍വര്‍ധൻ പറഞ്ഞു. പ്രിന്‍സിപ്പളിന്‍റെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടിന് അയച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.


