കോണ്‍ഗ്രസ് പങ്കുവെച്ച തിരഞ്ഞെടുപ്പ് ക്രമക്കേടുകളെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ടാണ് തരൂര്‍ എക്സിൽ കുറിച്ചത്.

ദില്ലി : തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാദത്തിൽ പ്രതികരിച്ച് ശശി തരൂർ. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം നൽകണമെന്ന് ശശി തരൂർ എക്സിലൂടെ ആവശ്യപ്പെട്ടു.

നമ്മുടെ ജനാധിപത്യം വളരെ പ്രാധാന്യമുള്ളതാണെന്നും അതിന്റെ വിശ്വാസ്യത അശ്രദ്ധ കൊണ്ടോ കാര്യപ്രാപ്തിയില്ലായ്മ കൊണ്ടോ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും വിഷയം പരിശോധിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പങ്കുവെച്ച തിരഞ്ഞെടുപ്പ് ക്രമക്കേടുകളെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ടാണ് തരൂര്‍ എക്സിൽ കുറിച്ചത്.

അതേ സമയം, തെരഞ്ഞെടുപ്പ് കമ്മീഷനും രാഹുൽ ഗാന്ധിക്കും ഇടയിലെ തർക്കം രൂക്ഷമാകുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യദ്രോഹം നടത്തുന്നുവെന്ന് ഇന്ന് പുറത്തു വിട്ട വിഡിയോയിൽ രാഹുൽ ഗാന്ധി ആരോപിച്ചു. ബിഹാറിലെ എസ്ഐആറിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതി നൽകാൻ രാഹുൽ കാത്തിരിക്കുകയാണെന്ന് കമ്മീഷൻ വൃത്തങ്ങൾ പരിഹസിച്ചു. കമ്മീഷൻ കൃത്രിമം കാട്ടിയെന്ന വാദം പൂർണ്ണമായും അംഗീകരിക്കാതെയാണ് തരൂർ പ്രതികരിച്ചത്.

വിജയിക്കാമായിരുന്ന പല തെരഞ്ഞെടുപ്പുകളും പരാജയപ്പെട്ടതോടെയാണ് താൻ അന്വേഷണം തുടങ്ങിയതെന്ന് ഇന്ന് പുറത്തുവിട്ട വീഡിയോയിൽ രാഹുൽ വ്യക്തമാക്കുന്നുണ്ട്. ഒരു മണ്ഡലം പഠിക്കാൻ തന്നെ ആറു മാസം എടുത്തു. ഈ സാഹചര്യത്തിൽ കമ്മീഷൻ ഉടൻ വോട്ടർമാരുടെ പട്ടികയുടെ ഡിജിറ്റൽ ഡേറ്റ കൈമാറണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്ക് പിന്നിൽ ഇന്ത്യ സഖ്യം അണിനിരക്കുകയാണ്. തൃണമൂൽ കോൺഗ്രസും രാഹുൽ ഉന്നയിച്ച വിഷയങ്ങളെ പിന്തുണച്ചു. 

YouTube video player