ലക്നൗ: ദളിത് വനിത എംഎൽഎ സന്ദർശിച്ചതിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച് ഭാരവാഹികൾ. ഉത്തർപ്രദേശിലെ മുസ്‌കാര ഖുര്‍ദിലുള്ള ക്ഷേത്രത്തിലാണ്  സംഭവം. സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന നിയമം നിലനിൽക്കെയാണ് എംഎൽഎ സന്ദർശനം നടത്തിയത്. തുടർന്ന് അമ്പലം അശുദ്ധമായെന്നാരോപിച്ച് ശുദ്ധീകരണം നടത്തുകയായിരുന്നു.

ബിജെപിയുടെ ദലിത് എംഎല്‍എയായ മനീഷ അനുരാഗി ക്ഷേത്ര സന്ദര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു സംഭവം. ഇവിടെ കാലങ്ങളായി ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. മഹാഭാരത കാലം മുതലുള്ളതെന്ന് വിശ്വാസിച്ചു പോരുന്ന അമ്പലത്തില്‍ ഇതുവരേയും സ്ത്രീകള്‍ പ്രവേശിച്ചിട്ടില്ല. 

അതേസമയം, താന്‍ ഈ സമയം ക്ഷേത്രത്തിലുണ്ടായിരുന്നെങ്കില്‍ എംഎല്‍എയുടെ സന്ദര്‍ശനം തടയുമായിരുന്നെന്ന് പൂജാരി പറഞ്ഞു. ക്ഷേത്ര പരിസരം ഗംഗാ ജലം തളിച്ച് ശുദ്ധീകരിച്ചതിന് പിന്നാലെ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ ‘ശുദ്ധീകരണത്തിനായി’ പ്രയാഗിലേക്ക് കൊണ്ടുപേകുകയും ചെയ്തു.

ഈ മാസം 14 നാണ് എംഎല്‍എ ക്ഷേത്ര സന്ദർശനം നടത്തിയത്. അതിനുശേഷം ഗ്രാമത്തില്‍ മഴ ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ക്ഷേത്രത്തില്‍ സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് ഇതിന് കാരണമെന്നാണ് ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും വിശ്വസിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് അനുരാഗി ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നു.

അതേസമയം, ക്ഷേത്ര അധികാരികളുടെ നടപടി രാജ്യത്തെ സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനമാണെന്ന് മനീഷാ അനുരാഗി പ്രതികരിച്ചു. ബുദ്ധിക്ക് സ്ഥിരതയില്ലാത്ത ചിലരുടെ മാത്രം പ്രവര്‍ത്തിയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബിജെപി നേതാക്കളാരും ഇതുവരേയും പ്രതികരിച്ചിട്ടില്ല.