പരാതിക്കാരിയും യുവാവും സുഹൃത്തുക്കളെന്ന് പൊലീസ്.

പൂനെ: പൂനെയില്‍ ഐടി ജീവനക്കാരി പീഡനത്തിനിരയായ സംഭവത്തില്‍ വഴിത്തിരിവ്. പരാതി യുവതി കെട്ടിച്ചമച്ചതാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഡെലിവറി ഏജന്‍റ് എന്ന വ്യാജേന ഫ്ലാറ്റിലെത്തി ആള്‍ തന്നെ പീഡിപ്പിച്ചു എന്നായിരുന്നു 22 കാരിയായ യുവതിയുടെ പരാതി. എന്നാല്‍ ഫ്ലാറ്റില്‍ എത്തിയത് യുവതിയുടെ സുഹൃത്ത് ആണെന്നും പരാതി വ്യാജമാണെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

കല്യാണ്‍ നഗറിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുകയാണ് പരാതിക്കാരി. കൂടെ സഹോദരനുമുണ്ട്. ഇരുവരും 2022 മുതല്‍ കോണ്ട്വയില്‍ ഒരു ഫ്ലാറ്റിലാണ് താമസം. സഹോദരന്‍ ഫ്ലാറ്റില്‍ ഇല്ലാതിരുന്ന സമയത്താണ് യുവതിയുടെ സുഹൃത്ത് എത്തിയത്. ഇരുവരും തമ്മില്‍ നേരത്തേ പരിചയമുള്ളവരാണ്. ഇടയ്ക്ക് കാണാറുമുണ്ട്. ബുധനാഴ്ച ഫ്ലാറ്റിലെത്തിയ സുഹൃത്ത് യുവതിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. യുവതി തയ്യാറായില്ല. സംഭവത്തില്‍ ദേഷ്യം തോന്നിയ യുവതി ഇയാള്‍ക്കെതിരെ പൊലീസില്‍ വ്യാജ പരാതി നല്‍കുകയായിരുന്നു. തെളിവായി ഒരു സെല്‍ഫിയും നല്‍കി. പീഡനവിവരം പുറത്തുപറഞ്ഞാല്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി പ്രതി എടുപ്പിച്ച ഫോട്ടോ ആണ് എന്നാണ് യുവതി പൊലീസിനോട് പറഞ്ഞിരുന്നത്. ഫോട്ടോയില്‍ എഡിറ്റിങ് വരുത്തിയതിന് ശേഷമാണ് പൊലീസിന് കൈമാറിയത്. എന്നാല്‍ ഫോട്ടോയുടെ കാര്യത്തില്‍ യുവതി പറയുന്നത് തെറ്റാണെന്നും പൊലീസ് കണ്ടെത്തി. താന്‍ തെറ്റായ വിവരമാണ് പൊലീസിന് നല്‍കിയതെന്ന് യുവതിയും സമ്മതിച്ചിട്ടുണ്ട്. ആരോപണ വിധേയനായ യുവാവിന്‍റെ കുടുംബത്തിന് യുവതിയുടെ കുടുംബവുമായി നേരത്തെ ബന്ധമുണ്ട്.