ഭീകരതയുടെയും ഇന്ത്യയുടെയും ആക്രമണത്തിന്റെ ഇരകളാണ് പാകിസ്ഥാനെന്ന് പ്രതിനിധി സംഘം വാദിച്ചപ്പോൾ, പാകിസ്ഥാൻ കേന്ദ്രമാക്കിയ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ ഇല്ലാതാക്കാൻ അമേരിക്കൻ നിയമനിർമ്മാതാക്കൾ ആവശ്യപ്പെട്ടു

ദില്ലി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ യുഎസ് സന്ദർശനം വിജയകരമെന്ന് നി​ഗമനം. കോൺ​ഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ പ്രതിനിധി സംഘം എത്തിയത്. പിന്നാലെ, പാകിസ്ഥാനിലെ ബിലാവൽ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും അമേരിക്കയിലെത്തി. ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിനെതിരെ നടപടിയെടുക്കാനും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും പാക് സംഘത്തോട് യുഎസ് ആവശ്യപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

പാകിസ്ഥാൻ 'ഭീകരതയുടെ ഇരകൾ' ആണെന്ന ഭൂട്ടോയുടെ വാദം അമേരിക്കൻ നിയമനിർമ്മാതാക്കൾ അം​ഗീകരിച്ചില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ പ്രതിനിധി സംഘം ഈ ആഴ്ചയാണ് യുഎസിലെത്തിയത്. ഭീകരതയുടെയും ഇന്ത്യയുടെയും ആക്രമണത്തിന്റെ ഇരകളാണ് പാകിസ്ഥാനെന്ന് പ്രതിനിധി സംഘം വാദിച്ചപ്പോൾ, പാകിസ്ഥാൻ കേന്ദ്രമാക്കിയ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ ഇല്ലാതാക്കാൻ അമേരിക്കൻ നിയമനിർമ്മാതാക്കൾ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ വാദങ്ങളെ എതിർക്കുന്നതിനും ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ പരിഹരിക്കുന്നതിന് അമേരിക്കയുടെ കൂടുതൽ ഇടപെടൽ ആവശ്യപ്പെടുന്നതിനുമായി പാകിസ്ഥാൻ പ്രതിനിധി സംഘം അടുത്തിടെ യുഎസ് ഹൗസ് വിദേശനയ പാനലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, പാകിസ്ഥാൻ പ്രതിനിധി സംഘത്തോട് ഭീകരതയെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം പാകിസ്ഥാനെ ബോധ്യപ്പെടുത്തിയെന്നും 2002 ൽ ഡാനിയേൽ പേളിനെ കൊലപ്പെടുത്തിയ ജെയ്‌ഷെ മുഹമ്മദിനെതിരെ പോരാടേണ്ടതിന്റെ പ്രാധാന്യവും പാകിസ്ഥാൻ പ്രതിനിധി സംഘത്തോട് ഊന്നിപ്പറഞ്ഞുവെന്ന് യുഎസ് കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ പറഞ്ഞു. 

ഈ നീച സംഘത്തെ ഇല്ലാതാക്കാനും മേഖലയിലെ ഭീകരതയെ ചെറുക്കാനും പാകിസ്ഥാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും ഷെർമാൻ ട്വീറ്റ് ചെയ്തു. ഒസാമ ബിൻ ലാദനെ ഇല്ലാതാക്കാൻ യുഎസിനെ സഹായിച്ച ഡോ. ഷക്കീൽ അഫ്രീദിയെ മോചിപ്പിക്കാൻ നടപടികൾ സ്വീകരിക്കാൻ പാകിസ്ഥാൻ നേതാക്കളോട് അഭ്യർത്ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒസാമ ബിൻ ലാദനെ വധിക്കാൻ അമേരിക്കയെ സഹായിച്ചതിന് ജയിലിൽ കഴിയുന്ന ഡോ. ഷക്കീൽ അഫ്രീദിയെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത പാകിസ്ഥാൻ പ്രതിനിധി സംഘത്തോട് സർക്കാരിനെ അറിയിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഡോ. അഫ്രീദിയെ മോചിപ്പിക്കുന്നത് 9/11 ലെ ഇരകൾക്ക് ആശ്വാസമേകുന്ന ചുവടുവെപ്പാണെന്നും ഷെർമാൻ കൂട്ടിച്ചേർത്തു. പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണവും യോഗത്തിൽ ഉന്നയിച്ചുവെന്നും പാകിസ്ഥാനിൽ താമസിക്കുന്ന ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, അഹമ്മദിയ മുസ്ലീങ്ങൾ എന്നിവർക്ക് വിവേചന രഹിതമായി അവരുടെ വിശ്വാസം ആചരിക്കാനും ജനാധിപത്യ സംവിധാനത്തിൽ പങ്കെടുക്കാനും അനുവദിക്കണമെന്ന് ഷെർമാൻ പറഞ്ഞു.

കോൺഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യൻ ഭാ​ഗം വിശദീകരിക്കാനായി യുഎസിലെത്തിയത്. ഇന്ത്യയ്‌ക്കെതിരായ ഭീകരപ്രവർത്തനങ്ങളെ പാകിസ്ഥാൻ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് ഇന്ത്യ തുറന്നുകാട്ടി.