'വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കില്ല, ഹമാസിനെ വേരോടെ ഇല്ലാതാക്കും വരെ പിന്നോട്ടില്ല'; ഇസ്രയേല്‍
എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുന്നതുവരെ യുദ്ധം തുടരുമെന്നും ഇസ്രയേലിന്‍റെ ഇന്ത്യയിലെ രാഷ്ട്രീയ ഉപദേഷ്ടാവ് ഹാദസ് ബക്സ്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ദില്ലി: ഗാസ ആക്രമണത്തില്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കില്ലെന്നും ഹമാസിനെ വേരോടെ ഇല്ലാതാക്കും വരെ പിന്നോട്ടില്ലെന്നും ഇസ്രയേല്‍. എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുന്നതുവരെ യുദ്ധം തുടരുമെന്നും ഇസ്രയേലിന്‍റെ ഇന്ത്യയിലെ രാഷ്ട്രീയ ഉപദേഷ്ടാവ് ഹാദസ് ബക്സ്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബന്ധികളെ മോചിപ്പിക്കുന്നത് വരെ ചർച്ച പോലും സാധ്യമല്ലെന്നും അവര്‍ പറഞ്ഞു.
ഇസ്രയേലിനെ ആദ്യം പിന്തുണച്ച നേതാവ് നരേന്ദ്ര മോദിയാണ്. ഇന്ത്യയിലെ പലസ്തീൻ അനകൂല പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് ചെറിയൊരു വിഭാഗമാണ്. ഇന്ത്യയിലെ കൂടുതൽ പേരും ഇസ്രയേലിനൊപ്പമാണ്. ഇസ്രയേലിലെ സാഹചര്യം എങ്ങനെയും മാറാം. ഇന്ത്യക്കാർ ഇന്ത്യൻ എംബസിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കണം. കേരളത്തിലെ രണ്ട് കെയർഗീവർമാരുടെ സേവനം ധീരമെന്നും ഹാദസ് ബക്സ്ത് പറഞ്ഞു.
ഗാസയ്ക്കു നേരെയുള്ള നീക്കം അവസാനിപ്പിക്കണം എന്ന ശക്തമായ നിലപാട് യുഎൻ സെക്രട്ടറി ജനറൽ സ്വീകരിക്കുമ്പോഴും ഇതിന് സമയമായിട്ടില്ല എന്നാണ് ഇസ്രയേൽ പ്രതികരിക്കുന്നത്. ഹമാസിൻറെ ആക്രമണം ഇനി ഒരിക്കലും നടക്കരുത് എന്ന ലക്ഷ്യത്തോടെയാണ് സൈനിക നീക്കം എന്നും ഹാദസ് ബക്സ്ത് വിശദീകരിക്കുന്നു. ഇന്ത്യയുടെ ശക്തമായ പിന്തുണയ്ക്ക് നന്ദിയെന്നും അവര്‍ പ്രതികരിച്ചു. യുഎൻ സെക്രട്ടറി ജനറലിൻറെ നിലപാട് അതേപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. എന്നാൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിലെ ആശങ്ക ഇന്ത്യ യുഎന്നിൽ ആവർത്തിച്ചു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ളിങ്കൻ യുഎന്നിൽ ലഷ്ക്കർ എ തയിബയ്ക്കെതിരെ സംസാരിച്ചത് ഭീകരതയ്ക്കെതിരായ നിലപാടിൻറെ വിജയമായാണ് ഇന്ത്യ വിലയിരുത്തുന്നത്. ഇസ്രയേൽ ഹമാസ് സംഘർഷം പശ്ചിമേഷ്യയിലാകെ വ്യാപിച്ചാൽ ഇന്ത്യ നയം മാറ്റം ആലോചിച്ചേക്കും.
ഇതിനിടെ, ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ സിറിയയിലും വ്യോമാക്രണം നടത്തി.സിറിയയിൽ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്നും ഇതിനുള്ള തിരിച്ചടിയാണെന്നുമാണ് ഇസ്രയേലിന്‍റെ പ്രതികരണം. കടൽ വഴിയുള്ള ഹമാസിന്‍റെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തുവെന്നും ഇസ്രയേൽ അറിയിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ച 10 പേരെ വധിച്ചു. അതേസമയം, ഇസ്രയേല്‍ - പലസ്തീന്‍ ചര്‍ച്ചകള്‍ക്ക് അന്തരീക്ഷം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളെ സഹായിക്കണം. പലസ്തീനുമായുള്ള ബന്ധവും സഹായം നല്‍കുന്നതും തുടരുമെന്നും ഇന്ത്യ യുഎന്നില്‍ അറിയിച്ചു.