'200ലധികം ബന്ദികള്‍ ഭൂമിക്കടിയിലെ തുരങ്കങ്ങളില്‍'; ഹമാസ് മോചിപ്പിച്ച ഇസ്രയേലി വനിതകളുടെ വെളിപ്പെടുത്തല്‍
ജീവിതത്തിലെ നരകതുല്യ അനുഭവമായിരുന്നു ബന്ദി ജീവിതമെന്ന് 85കാരിയായ യോക് വേഡ് ലിഫ്ഷിറ്റ്സ് പറഞ്ഞു

ടെല്‍ അവീവ്: ഹമാസിന്‍റെ പിടിയിലുള്ള 200ലധികം ബന്ദികൾ കഴിയുന്നത് ഭൂഗർഭ അറകളിൽ ആണെന്ന് മോചിതരായവർ വെളിപ്പെടുത്തി. ഇന്നലെ ഹമാസ് മോചിപ്പിച്ച രണ്ട് ഇസ്രയേലി വനിതകളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ ഹമാസ് മോചിപ്പിച്ച രണ്ട് ഇസ്രയേലി വനിതകളായ നൂറിത് കൂപ്പറും യോക് വേഡ് ലിഫ്ഷിറ്റ്സും ഇന്ന് മാധ്യമങ്ങളെ കണ്ടാണ് ബന്ദിയായി കഴിഞ്ഞതിന്‍റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. ഇരുന്നൂറിലേറെ ബന്ദികളെ ഹമാസ് താമസിപ്പിച്ചിരിക്കുന്നത് ഭൂഗർഭ തുരങ്കങ്ങളിൽ ആണെന്ന് ഇവർ പറഞ്ഞു. ജീവിതത്തിലെ നരകതുല്യ അനുഭവമായിരുന്നു
ബന്ദി ജീവിതമെന്ന് 85 കാരിയായ യോക് വേഡ് ലിഫ്ഷിറ്റ്സ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് ഇവര്‍ രണ്ടുപേരും സുരക്ഷിതരായി ഇസ്രയേലില്‍ എത്തിയത്. ഇസ്രയേലികളായ വനിതകളെ മാനുഷിക പരിഗണന നൽകി വിട്ടയച്ചു എന്നാണു ഹമാസ് പറയുന്നത്. 18 ദിവസമായി ഹമാസിന്‍റെ തടവിലുള്ള ഇരുന്നൂറിലേറെ ബന്ദികളുടെ അവസ്ഥ എന്തെന്ന് വ്യക്തമല്ല. ബന്ദികളുടെ സുരക്ഷയെ കരുതി കരയുദ്ധം വേണ്ടെന്ന് വെക്കില്ലെന്ന് ഇസ്രയേൽ ഊർജ മന്ത്രി കാട്സ് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിൽ പലസ്തീൻ സംഘത്തിന്‍റെ ആക്രമണത്തിൽ ഇസ്രയേൽ സൈനികന് ഗുരുതരമായി പരിക്കേറ്റു. പലസ്തീൻ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തിൽ ഉള്ള വെസ്റ്റ് ബാങ്കിൽ ഇന്നലെയും ഇസ്രയേൽ സൈന്യം നിരവധി കേന്ദ്രങ്ങളിൽ തെരച്ചിൽ നടത്തി പലസ്തീനികളെ പിടികൂടി.
ഇതിനിടെ, 18 ദിവസമായി ഗാസയിൽ തുടരുന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു.വെടിനിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഹമാസിനെതിരായ യുദ്ധത്തിന് ഫ്രാൻസ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. രണ്ടര ആഴ്ച പിന്നിടുന്ന വ്യോമാക്രമണങ്ങളിൽ ഗാസ തകർന്നടിഞ്ഞിരിക്കുന്നു. ഇന്ധനം കടത്തിവിടില്ലെന്ന് പിടിവാശി തുടരുന്ന ഇസ്രയേൽ ഗാസയെ കൂട്ടമരണത്തിലേക്ക് തള്ളിവിടുകയാണെന്ന് സന്നദ്ധസംഘടനകൾ പറയുന്നു. ഇസ്രയേലിനോട് വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക. എല്ലാ ബന്ദികളെയും മോചിപ്പിക്കുംവരെ വെടിനിർത്തലിനെപ്പറ്റി ചർച്ചപോലും ഇല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇസ്രയേലിൽ എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഹമാസിനെതിരെ ആഗോള സഖ്യം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.