വംശീയാക്രമണമാണെന്ന് തന്നെയാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 19-കാരനായ വിദ്യാർത്ഥിയാണ് ഒരു വാഹനം സിനഗോഗിലേക്ക് ഇടിച്ചു കയറ്റി വെടിവയ്പ് നടത്തിയത്. 

കാലിഫോർണിയ: കാലിഫോർണിയയിലെ സാൻ ദിയെഗോയിലെ സിനഗോഗിൽ വെടിവയ്പ്പ്. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു കുട്ടിയുൾപ്പടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാൻ മാർകോസിലെ കാൽ സ‍ർവകലാശാലയിലെ വിദ്യാർത്ഥിയായ ജോൺ ഏണസ്റ്റാണ് സിനഗോഗിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പ്രാദേശിക സമയം രാവിലെ പതിനൊന്നരയോടെയാണ് ജോൺ ഏണസ്റ്റ് സിനഗോഗിലേക്ക് റൈഫിളുമായി എത്തിയത്. ഒരു പ്രകോപനവുമില്ലാതെ ഇയാൾ ചുറ്റുമുള്ളവർക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഒരു വൃദ്ധ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. രണ്ട് പുരുഷൻമാർക്കും ഒരു പെൺകുട്ടിയ്ക്കും പരിക്കേൽക്കുകയും ചെയ്തു. നാല് പേരെയും ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും വൃദ്ധയെ രക്ഷിക്കാനായില്ലെന്ന് പൊവൈ പൊലീസ് അറിയിച്ചു. 

ആക്രമണത്തിന് ശേഷം വിദ്യാർത്ഥി സ്വന്തം വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. തൊട്ടടുത്ത് ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു പട്രോൾ ഏജന്‍റ് ഈ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. അങ്ങനെയാണ് അക്രമിയെ ഉടനടി പിടികൂടാൻ കഴിഞ്ഞത്. 

ആക്രമണത്തിന് തൊട്ടുമുമ്പ് വിദ്യാർത്ഥി പൊലീസിനെ വിളിച്ചിരുന്നു. ആക്രമണം നടത്താൻ പോവുകയാണെന്ന് ഇയാൾ പൊലീസിനെ വിളിച്ചറിയിച്ചു. വാഹനത്തിൽ കയറി രക്ഷപ്പെടാൻ പറ്റാത്ത അവസ്ഥയായതോടെ, പൊലീസിന് മുന്നിൽ ഇയാൾ കീഴടങ്ങുകയായിരുന്നു.

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സംഭവത്തെ അപലപിച്ചു. 

Scroll to load tweet…