കുട്ടി സ്‌കൂളിലെ നഴ്‌സിങ് ഓഫീസിലെത്തി വാസ്‌ലിന്‍ ചോദിച്ചപ്പോഴാണ് ടാറ്റൂ അടിച്ച വിവരം സ്കൂൾ അധികൃതർ അറിഞ്ഞത്. തുടര്‍ന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ന്യൂയോർക്ക്: പത്ത് വയസുകാരന്റെ കൈത്തണ്ടയിൽ ടാറ്റൂ ചെയത് സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്കിലെ ഹൈലാന്‍ഡിലാണ് സംഭവം. കുട്ടി സ്‌കൂളിലെ നഴ്‌സിങ് ഓഫീസിലെത്തി വാസ്‌ലിന്‍ ചോദിച്ചപ്പോഴാണ് ടാറ്റൂ അടിച്ച വിവരം സ്കൂൾ അധികൃതർ അറിഞ്ഞത്. തുടര്‍ന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അയല്‍വാസിയാണ് കയ്യില്‍ ടാറ്റൂ ചെയ്തു തന്നതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. അമ്മയുടെ അനുമതിയോടെയാണിതെന്നും കുട്ടി അറിയിച്ചു. ഇതോടെയാണ് അമ്മ ക്രിസ്റ്റലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലൈസൻസില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇരുപതുകാരിയായ ടാറ്റൂ ആർട്ടിസ്റ്റിനെയും അറസ്റ്റ് ചെയ്തു. 18 വയസില്‍ താഴെ പ്രായമുള്ളവർ മാതാപിതാക്കളുടെ അനുമതിയോടെയോ അല്ലാതെയോ ടാറ്റൂ ചെയ്യരുതെന്നാണ് ന്യൂയോർക്കിലെ നിയമം. 

കുട്ടിയുടെ പേരാണ് കയ്യിൽ ടാറ്റൂ ചെയ്തത്. വിവരം പുറത്തറിഞ്ഞതോടെ വിമർശനങ്ങളും വ്യാപകമായി. ന്യൂയോർക്കിൽ കുട്ടികൾക്ക് ടാറ്റൂ ചെയ്യുന്നതിൽ വിലക്കുണ്ടെങ്കിലും ഒഹായോ, വെസ്റ്റ് വിർജീനിയ, വെർമണ്ട് തുടങ്ങിയ ഇടങ്ങളിൽ മാതാപിതാക്കളുടെ അനുമതിയോടെ ഇതിന് നിയമപ്രാബല്യമുണ്ട്. കുട്ടിയുടെ കയ്യിലെ ടാറ്റൂ വാർത്തയായതോടെ ടാറ്റൂയിം​ഗ് സംബന്ധിച്ച നിയമത്തിൽ പുനപരിശോധന വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ടാറ്റൂ ശരീരത്തിൽ സ്ഥിരമായ അടയാളമോ ചിഹ്നമോ ആണ്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇതുസംബന്ധിച്ച് സ്വയം തീരുമാനമെടുക്കാൻ പ്രാപ്തിയുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇതു സംബന്ധിച്ച നിയമം പുനപരിശോധിക്കേണ്ടതാണ്. പീഡിയാട്രീഷ്യനും വാഷിം​ഗ്ടൺ മെഡിക്കൽ സെന്ററിനുകീഴിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രൊഫസറുമായ ഡോ കോർണാ ബ്രൂണർ പറഞ്ഞു.