മിലാന്‍:  ഇറ്റലിയില്‍ 102 വയസുകാരി കൊവിഡ് രോഗമുക്തയായി. കൊവിഡ് ബാധിച്ച ശേഷം സുഖം പ്രാപിക്കുന്ന ഇറ്റലിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായാണ് ഇറ്റാലിക ഗ്രൊണ്ടോന എന്ന മുത്തശ്ശി മാറിയത്. 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍ ആശുപത്രി വിട്ടത്. ചിരഞ്ജീവിയെന്നാണ് ഇറ്റാലികയെ ചികിത്സിച്ച ഡോക്ടര്‍ അവര്‍ക്കിട്ട പേര്. ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശരാശരി പ്രായം 78 ആണ്.

നേരത്തെ ചൈനയില്‍ 103 വയസുകാരി രോഗമുക്തയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, ഒറ്റ ദിവസം 919 പേരുടെ ജീവന്‍ പൊലിഞ്ഞതോടെ ഇറ്റലിയില്‍ ആകെ മരണം  ഒമ്പതിനായിരം കടന്നിട്ടുണ്ട്. പതിനൊന്നു പേര്‍ മരിച്ച  പാകിസ്ഥാനില്‍  രോഗികളുടെ എണ്ണം 1400  ആയി. 190ലേറെ രാജ്യങ്ങളിലായി  കൊവിഡ് രോഗികളുടെ എണ്ണം  ആറു ലക്ഷത്തോളം എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെ  രോഗബാധിതനായത് ബ്രിട്ടനില്‍ കടുത്ത ഭയമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ബോറിസ് ജോണ്‍സന്റെ പങ്കാളിയും ഗര്‍ഭിണിയുമായ കാരി  സൈമന്‍സിനു രോഗമുള്ളതായി സൂചനയില്ല. ബ്രിട്ടീഷ്  ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും രോഗം ബാധിച്ചിട്ടുണ്ട്. ഇതിനായി ലോകം കൊവിഡ് ഭീതിയില്‍ തകരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഏകനായി പ്രാര്‍ത്ഥന നടത്തി.